കൊവിഡ് വാക്സിൻ തിങ്കളാഴ്ച ഈ വിഭാഗത്തിന് മാത്രം: വാക്സിനേഷൻ 18-44 പ്രായപരിധിയിലെ മുൻഗണനാ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മെയ് 31 തിങ്കളാഴ്ച 18-44 പ്രായപരിധിയിലെ മുൻഗണനാ വിഭാഗങ്ങളിൽപെട്ടവർക്കു മാത്രമാണ് കൊവിഡ് വാക്സിൻ നൽകുക. അനുബന്ധ രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, പ്രത്യേക പരിഗണന അർഹിക്കുന്ന തൊഴിൽ വിഭാഗങ്ങളിൽ പെട്ടവർ, വിദേശത്തേക്ക് പോകുന്നവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. കോവിഷീൽഡ് വാക്സിനാണ് നൽകുന്നത്.
അനുബന്ധ രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും വിദേശത്തേക്ക് പോകേണ്ടവരും www.cowin.gov.in എന്ന പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകി രേഖകൾ അപ് ലോഡ് ചെയ്യണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുബന്ധ രോഗമോ ഭിന്നശേഷിയോ സംബന്ധിച്ച സർട്ടിഫിക്കറ്റ്, വിദേശത്തേക്ക് പോകുന്നവർ യാത്രാ രേഖകൾ എന്നിവയാണ് അപ് ലോഡ് ചെയ്യേണ്ടത്.
ഈ പ്രായപരിധിയിലെ മുൻഗണനാ തൊഴിൽ വിഭാഗങ്ങളിൽ പെട്ടവർ www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ മേധാവിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റിൽ ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാരുടെ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ നടത്തണം. സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നമ്പറും നൽകേണ്ടതുണ്ട്.
ഇങ്ങനെ നൽകുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അർഹരായവർക്ക് വാക്സിനേഷൻ കേന്ദ്രവും സമയവും ഉൾപ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവർ മാത്രം വാക്സിൻ സ്വീകരിക്കാൻ എത്തിയാൽ മതിയാകും. രജിസ്ട്രേഷനും രേഖകൾ അപ് ലോഡ് ചെയ്യുന്നതിനും പ്രത്യേക സമയക്രമീകരണം ഇല്ല.
രോഗം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖ, പ്രത്യേക പരിഗണന അർഹിക്കുന്ന തൊഴിൽ വിഭാഗങ്ങളിൽ പെട്ടവർ തൊഴിലുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ്,വിദേശത്തേക്ക് പോകുന്നവർ യാത്രാ രേഖകൾ എന്നിവ വാക്സിൻ സ്വീകരിക്കാനെത്തുമ്പോൾ കൊണ്ടുവരേണ്ടതാണ്.
സർക്കാർ ഉത്തരവ് പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന തൊഴിൽ വിഭാഗങ്ങൾ
ഓക്സിജൻ പ്ലാന്റുകൾ, വിതരണ കേന്ദ്രങ്ങൾ, ഫില്ലിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാരും ഓക്സിജൻ ടാങ്കർ ഡ്രൈവർമാരും
ഇന്ത്യൻ റെയിൽവേയുടെ ഫീൽഡ് ജീവനക്കാർ
റെയിൽവേ ടിടിഇമാരും ഡ്രൈവർമാരും
വിമാനത്താവളങ്ങളിലെ ഫീൽഡ്, ഗ്രൗണ്ട് സ്റ്റാഫ്
കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും കണ്ടക്ടർമാരും
മാധ്യമങ്ങളിലെ ഫീൽഡ് ജേർണലിസ്റ്റുകൾ
മത്സ്യ-പച്ചക്കറി വ്യാപാരികൾ
ഹോർട്ടികോർപ്പ്, മത്സ്യഫെഡ്, കൺസ്യൂമർഫെഡ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, തൊഴിൽ വകുപ്പ് എന്നിവയിലെ ഫീൽഡ് ജീവനക്കാർ
പെട്രോൾ പമ്പ് ജീവനക്കാർ
വാർഡ്തല ദ്രുതകർമ്മ സേനാംഗങ്ങൾ
സന്നദ്ധ സേനാ വോളണ്ടിയർമാർ
ഹോം ഡെലിവറി ഏജന്റുമാർ
ഹെഡ്ലോഡ് വർക്കർമാർ
പാൽ, പത്ര വിതരണക്കാർ
ചെക്ക് പോസ്റ്റുകൾ, ടോൾ ബൂത്തുകൾ, ഹോട്ടലുകൾ, അവശ്യവസ്തു വിൽപ്പനശാലകൾ, ജനസേവന കേന്ദ്രങ്ങൾ, റേഷൻ കടകൾ, ബിവറേജസ് കോർപ്പറേഷൻ എന്നിവിടങ്ങിലെ ജീവനക്കാർ, ജിറിയാട്രിക് – പാലിയേറ്റീവ് കെയർ വർക്കർമാർ.