മേയ് 16 ഞായറാഴ്ച കോട്ടയം ജില്ലയിൽ ഇന്ന് രണ്ടു കേന്ദ്രങ്ങളിൽ കോവാക്സിൻ നൽകും; 18-44 പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ തിങ്കളാഴ്ച മുതൽ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മെയ് 16 ഞായറാഴ്ച രണ്ടു കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടക്കും. ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലും മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലും രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ കോവാക്സിനാണ് നൽകുക. ഇന്ന് കോവിഷീൽഡ് വാക്‌സിനേഷൻ ഇല്ല. മെയ് 16 ഞായറാഴ്ച കോവാക്സിൻ സ്വീകരിക്കുന്നതിന് മെയ് 15 ന് വൈകുന്നേരം ഏഴു മുതൽ പോർട്ടലിൽ www.cowin.gov.in രജിസ്ട്രേഷനും ബുക്കിംഗും നടത്താം.
ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യ ഡോസുകാർക്കു മാത്രമാണ് കുത്തിവയ്പ്പ് നൽകുന്നത്. മുണ്ടൻകുന്നിൽ 80 ശതമാനം വാക്സിൻ ആദ്യ ഡോസുകാർക്കായി മാറ്റിവച്ചിരിക്കുന്നു. 20 ശതമാനം രണ്ടാം ഡോസുകാർക്ക് നേരിട്ടെത്തി സ്വീകരിക്കാം. രണ്ടു കേന്ദ്രങ്ങളിലും ആദ്യ ഡോസ് സ്വീകരിക്കുന്നതിന് cowin.gov.in പോർട്ടൽ മുഖേന രജിസ്ട്രേഷനും ബുക്കിംഗും നടത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 17 തിങ്കളാഴ്ച 18 മുതൽ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുമുള്ളവർക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ലഭ്യമാക്കിയ വാക്സിൻ 80ൽ അധികം കേന്ദ്രങ്ങളിൽ നൽകും. കേന്ദ്രങ്ങളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
ഈ വിഭാഗത്തിൽപ്പെടുന്നവർ വാക്സിൻ ലഭിക്കുന്നതിന് www.cowin.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പരും ആധാർ നമ്പരും നൽകി രജിസ്റ്റർ ചെയ്യണം.
മുൻഗണന ലഭിക്കുന്നതിന് covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റിൽ അടിസ്ഥാന വിവരങ്ങളും അനുബന്ധ രോഗവിവരങ്ങളും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം. രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകിയ രേഖയാണ് ഉപയോഗിക്കേണ്ടത്.
രേഖകൾ ജില്ലാതലത്തിൽ പരിശോധിച്ചശേഷം മുൻഗണനയും വാക്സിൻ ലഭ്യതയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ എസ്.എം.എസ് വഴി അറിയിക്കുമ്പോൾ വാക്സിൻ സ്വീകരിക്കാവുന്നതാണ്.
വാക്സിനേഷൻ വിവരം അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ്. സന്ദേശവും തിരിച്ചറിയൽ രേഖയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റും വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരാക്കണം.
അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.