കൊവിഡ് വാക്‌സിനേഷൻ സെന്ററിലെ തിരക്കൊഴിവാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പരീക്ഷണം വിജയം: ആദ്യ ഘട്ടത്തിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ നടപ്പാക്കും; വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കോട്ടയം ജില്ലയിൽ പുതിയ ക്രമീകരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഒരേ സമയം കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു ദിവസം കോട്ടയം ബേക്കർ സ്‌കൂളിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പരീക്ഷാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനം ആദ്യ ഘട്ടമായി കോട്ടയം മുനിസിപ്പാലിറ്റിയിലും തുടർന്ന് മറ്റു കേന്ദ്രങ്ങളിലും ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.

www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടു മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ടൈം സ്ലോട്ടാണ് ഇപ്പോൾ പോർട്ടലിൽനിന്ന് അനുവദിക്കാറുള്ളത്. 18-44 പ്രായവിഭാഗത്തിലുള്ളവർക്ക് covid19.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന് ലഭിക്കുന്നതും രണ്ടു മണിക്കൂർ ടൈം സ്ലോട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വിവിധ സ്ലോട്ടുകളിൽ ബുക്കിംഗ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യ സമയവും ടോക്കൺ നമ്പരും ഓരോരുത്തർക്കും എസ്.എം.എസ് മുഖേന നൽകുന്നതാണ് പുതിയ ക്രമീകരണം.

www.cowin.gov.in ലും covid19.kerala.gov.in ലും ബുക്കിംഗ് നടത്തുമ്പോൾ ആദ്യം കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്.എം.എസ് സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തേണ്ട സമയവും ടോക്കൺ നമ്പരും ഉൾപ്പെടുന്ന എസ്.എം.എസ് അതത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽനിന്നു തന്നെ ലഭിക്കുക.

ഇങ്ങനെ ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന എസ്.എം.എസിലെ സമയം കൃത്യമായി പാലിച്ചാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തേണ്ടത്.

പോർട്ടലിൽ ബുക്ക് ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി ജില്ലാതല വാക്‌സിനേഷൻ കൺട്രോൾ റൂമിൽനിന്നും പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് ഓരോരുത്തർക്കും സമയം അനുവദിക്കുന്നത്. കേന്ദ്ര സർക്കാർ പോർട്ടലിൽ പ്രാദേശികമായി ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.

ബേക്കർ സ്‌കൂളിനു പുറമെ കോട്ടയം എം.ഡി സെമിനാരി സ്‌കൂളിലെ വാക്‌സിനേഷൻ കേന്ദ്രത്തിലും ഏതാനും ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തും. ഇതിനുശേഷമാകും മറ്റു കേന്ദ്രങ്ങളിൽ നടപ്പാക്കുക.