play-sharp-fill
ഇരുപത്തിയഞ്ചു വർഷം മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച  ഉത്തരവിന് ഇന്ന് പ്രാധാന്യം ഏറെ; നിർബന്ധപൂർവമുള്ള വാക്‌സിനേഷൻ നടത്താൻ ഭരണകൂടത്തിന് അധികാരമുണ്ട്

ഇരുപത്തിയഞ്ചു വർഷം മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഇന്ന് പ്രാധാന്യം ഏറെ; നിർബന്ധപൂർവമുള്ള വാക്‌സിനേഷൻ നടത്താൻ ഭരണകൂടത്തിന് അധികാരമുണ്ട്

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡിന് എതിരെ സാധ്യമായ വിധത്തിലെല്ലാം പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ലോകം. സാമൂഹ്യ അകലവും കൈകളുടെ ശുദ്ധിയുമെല്ലാം ഇതിൽ മുഖ്യമാണെങ്കിലും ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് എത്രയും വേഗം വാക്‌സിൻ എടുക്കുകയാണ്. സർക്കാരുകൾ പലവിധ പ്രചാരണങ്ങളിലൂടെ ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും വാക്‌സിൻ എടുക്കാൻ മടി കാണിക്കുന്നവർ ഏറെയാണ്. ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്, ഇരുപത്തിയഞ്ചു വർഷം മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ്. സമൂഹത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് നിർബന്ധപൂർവമുള്ള വാക്‌സിനേഷൻ നടത്താൻ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് വിധി വ്യക്തമാക്കുന്നു.


പകർച്ച വ്യാധി പടർന്നുപിടിക്കുകയും അതു മനുഷ്യജീവനു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന്, 1996 മെയ് 30ന് പുറപ്പെടുവിച്ച വിധിയിൽ ഹൈക്കോടതി വ്യക്തമാക്കുന്നു. വാക്‌സിനേഷൻ ഉൾപ്പെടെയുള്ള പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിൻ എടുക്കാതിരിക്കാനുള്ള മൗലിക അവകാശമുണ്ടെന്നാണ്, വാക്‌സിൻ വിരോധികൾ അവകാശപ്പെടുന്നതെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. വാക്‌സിൻ എടുത്തവരേക്കാൾ എടുക്കാത്തവർക്കു രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്ത് അധികാരം പ്രയോഗിക്കാൻ സർക്കാരിനാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സമൂഹത്തിന് മൊത്തത്തിൽ ദോഷകരമാകാവുന്ന ഒരു അവകാശവും വ്യക്തിക്കു കൽപ്പിച്ചുനൽകാനാവില്ലെന്നാണ് വിധിയിൽ കോടതി വ്യക്തമാക്കുന്നത്.

ഹീമോഫീലിയ ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കോട്ടയം കലക്ടറുടെ ഉത്തരവു ചോദ്യം ചെയ്ത്, മാതാപിതാക്കൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടിക്കു ചികിത്സ നൽകാൻ വിസമ്മതിച്ച മാതാപിതാക്കൾ ഇത് മൗലിക അവകാശമാണെന്നാണ് വാദിച്ചത്. വ്യക്തികളുടെ അവകാശവും സമൂഹത്തിന്റെ മൊത്തത്തിലുള്ള അവകാശവും തമ്മിൽ സംഘർഷം ഉടലെടുക്കുമ്പോൾ സമൂഹത്തിന്റെ അവകാശത്തിനു മേൽക്കൈ ലഭിക്കുമെന്ന് കോടതി പറഞ്ഞു.