
മൂന്നാം തരംഗം പിടിവിട്ട് ഉയരും; കൊവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം വരെയാകാം; അതീവ ജാഗ്രതാ നിർദേശവുമായി നീതി ആയോഗ്
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ആളിക്കത്തി തീരും മുൻപ് മൂന്നാം തരംഗ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കൊവിഡിൽ രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇനി കാത്തിരിക്കുന്നതെന്നു മുന്നറിയിപ്പ് നൽകിയത് നീതി ആയോഗാണ്.
രാജ്യത്ത് മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം മൂന്ന് മുതൽ അഞ്ച് ലക്ഷം രോഗികൾ വരെയുണ്ടാകാമെന്ന് നീതി അയോഗാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണക്കാക്കി രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് നിർദ്ദേശം നൽകി നീതി അയോഗ് അംഗം വി.കെ പോൾ. ഈ രണ്ട് ലക്ഷത്തിൽ 1.2 ലക്ഷം കിടക്കകൾ വെന്റിലേറ്റർ സൗകര്യമുളളതാകണം.
സെപ്തംബർ മാസത്തോടെ ഈ സൗകര്യങ്ങൾ പൂർത്തിയാക്കണമെന്ന് നീതി അയോഗ് നിർദ്ദേശം നൽകുന്നു.
ഇവയ്ക്ക് പുറമേ ഏഴ് ലക്ഷം നോൺ ഐസിയു കിടക്കകളും 10 ലക്ഷം ഐസൊലേഷൻ കിടക്കകളും സജ്ജമാക്കണം. നോൺ ഐസിയു കിടക്കകളിൽ അഞ്ച് ലക്ഷത്തിനും ഓക്സിജൻ സൗകര്യം വേണം.
മൂന്നാം തരംഗമുണ്ടായാൽ 100ൽ 23 പേർ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കാമെന്നാണ് നീതി അയോഗ് നൽകുന്ന മുന്നറിയിപ്പ്. ഇത് കഴിഞ്ഞ സെപ്തംബറിൽ രണ്ടാം കൊവിഡ് തരംഗത്തെ കുറിച്ച് നൽകിയ മുന്നറിയിപ്പിലും കൂടുതലാണ്.
100ൽ 20 പേരെ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കാമെന്നായിരുന്നു അന്ന് നൽകിയ മുന്നറിയിപ്പ്.