പലരാജ്യങ്ങളിലും കൊവിഡ് പ്രതിരോധം ശരിയായ രീതിയിലല്ല: കൊവിഡ് കൂടുതൽ വഷളായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ
ജനീവ: കൊവിഡ് പ്രതിരോധം പല രാജ്യങ്ങളിലും ശരിയായ രീതിയിലല്ല നടക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ മഹാമാരി കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. മിക്ക രാജ്യങ്ങളും തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 230,000 പുതിയ കേസുകളില്‍ 80 ശതമാനവും 10 രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നും ഇതില്‍ 50 ശതമാനം കേവലം രണ്ട് രാജ്യങ്ങളില്‍ നിന്നുമാണെന്നും ടെഡ്രോസ് അഥനോം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന രാജ്യങ്ങളിൽ രണ്ടാമതും വൈറസ് വ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയും ലോകാരോഗ്യ സംഘടന നൽകി. കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ രാജ്യങ്ങൾ കൂടുതൽ ഇളവുകൾ അനുവദിച്ചാൽ രോഗം വീണ്ടും രൂക്ഷമായി പടർന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകം ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിൻ്റെ ആദ്യ ഘട്ടത്തിലാണ്. പല രാജ്യങ്ങളിലും കേസുകൾ കുറയുകയാണെങ്കിലും മധ്യ- തെക്കേ അമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇത് വർധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തര കാര്യവിഭാഗം മേധാവി ഡോ മൈക്ക് റയാൻ ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ട വ്യാപനത്തിന് ശേഷം വീണ്ടും കൊവിഡ് പടർന്നേക്കും. നിയന്ത്രണങ്ങൾ മുഴുവനായി നീക്കിയാൽ കൂടുതൽ പേർക്ക് രോഗം പിടിപെടാനുള്ള സാധ്യതയും ഉണ്ട്. മാസങ്ങൾക്ക് ശേഷം പല രാജ്യങ്ങളിലും കൊവിഡ് തിരിച്ചു വന്നേക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും രോഗം കൂടുമെന്ന വസ്തുതയെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ഇപ്പോൾ കേസുകൾ കുറയുന്നത് കൊണ്ട് ഇനിയും കുറഞ്ഞു വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. രണ്ടാമത്തെ ഘട്ടത്തിന് തയ്യാറാകാൻ കൂടുതൽ സമയം ലഭിച്ചേക്കുമെന്നും കരുതാനാവില്ല. ഈ ഘട്ടത്തിൽ തന്നെ വീണ്ടും കേസുകൾ കൂടിയേക്കാം’, ഡോ മൈക്ക് റയാൻ അഭിപ്രായപ്പെട്ടു.