കോട്ടയത്ത് കോവിഡ് പ്രതിരോധത്തിന് ക്വിക് റെസ്പോൺസ് ടീമുകളും ; നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർ രൂപീകരിച്ച വില്ലേജ് തല ക്വിക് റെസ്പോൺസ് ടീമുകളുടെ പരിശോധന സജീവം.
അസിസ്റ്റന്റ് ഇൻസിഡന്റ് കമാൻഡർമാരായ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാര സ്ഥാപനങ്ങൾക്കു പുറമെ പൊതു സ്ഥലങ്ങളിലെ കോവിഡ് പ്രതിരോധ ലംഘനങ്ങൾക്കെതിരെയും ഇവർ നടപടി സ്വീകരിക്കും.
ക്വിക് റെസ്പോൺസ് സംഘത്തിന്റെ പ്രവർത്തനം ഇങ്ങനെ
മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, വഴിയോര കച്ചവടങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തും. കോവിഡ് പ്രതിരോധ നിയന്ത്രണ ലംഘനം ശ്രദ്ധയിൽപെട്ടാൽ അതത് വകുപ്പുകളുടെ നിയമപ്രകാരം പിഴ ഈടാക്കും.
മാർക്കറ്റുകൾ പ്രവർത്തിക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നണ്ടോ എന്ന് പരിശോധിക്കും.
കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന കടകൾ അഞ്ചു ദിവസത്തേക്ക് അടച്ചിടുന്നതിനുള്ള ശുപാർശ ഇൻസിഡന്റ് കമാൻഡറായ തഹസിൽദാർ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
ഓണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ശ്രദ്ധയിൽപെട്ടാലും നടപടിയുണ്ടാകും.
അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ കച്ചവടം സംസ്ഥാന സർക്കാർ നിരോധിച്ച സാഹചര്യത്തിൽ ഇതു ലംഘിക്കുന്നവർക്കും നടപടി നേരിടേണ്ടിവരും.
ഓണത്തോടനുബന്ധിച്ച് ഹോർട്ടികോർപ്പ്, സഹകരണ സംഘങ്ങളിലെ ഓണച്ചന്തകൾ, പച്ചക്കറി വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കോവിഡ് മാർഗനിർദേശങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം കേന്ദ്രങ്ങളിലും ക്വിക് റെസ്പോൺസ് ടീമിന്റെ നിരീക്ഷണമുണ്ടാകും.