സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ സാമ്പിൾ പരിശോധനകൾ ദ്രുതഗതിയിലാക്കാൻ സംസ്ഥാനത്തെ രണ്ടു മെഡിക്കൽ കോളജിൽ കൂടി കോവിഡ് ലാബിന് ഐസിഎംആർ അനുമതി നൽകി. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് കോവിഡ് ലാബിന് അനുമതിനൽകിയിരിക്കുന്നത്.
പരിയാരം മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച മുതൽ പരിശോധന ആരംഭിക്കുമെന്നും അറിയിച്ചു. ഇവിടെ നാലു റിയൽ ടൈം പിസിആർ മെഷീനുകളാണുള്ളത്. ഇതോടെ കോവിഡ് പരിശോധന വേഗത്തിലാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ കേരളത്തിൽ 14 ഗവൺമെന്റ് ലാബുകളിലാണ് കോവിഡ് പരിശോധ നടത്തുന്നത്. ഇത് കൂടാതെ രണ്ടു സ്വകാര്യ ലാബുകളിലും പരിശോധന നടത്തി വരുന്നുണ്ട്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പരിശോധന വേഗത്തിലാക്കാൻ 10 റിയൽ ടൈം പി.സി.ആർ മെഷീനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതെസമയം സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി 4 പേർക്കും കോഴിക്കോട് 2 പേർക്കും, കോട്ടയം രണ്ട് പേർക്കും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ നാല് പേർ അയൽസംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കം മൂലം രോഗബാധയുണ്ടായത് നാല് പേർക്കാണ്.
അതെസമയം ഇന്ന് 8 പേർക്ക് രോഗം ഭേദമായി. കാസർകോട് ആറ് പേർക്കും, മലപ്പുറം കണ്ണൂർ എന്നിവിടങ്ങൾ ഒരാൾക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്.
129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്ത് 23876 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലുമാണ്.
ഇന്ന് മാത്രം 148 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 21334 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 20326 സാമ്പിളുകൾ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.