ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ്: സംസ്ഥാനവും അതീവ ജാഗ്രതയിൽ; എയർപോർട്ടിൽ പരിശോധന ശക്തം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം വരുത്തിയ കൊവിഡ് വൈറസിന്റെ ഭീതി കേരളത്തിലും. വൈറസുമായി രോഗികൾ കേരളത്തിൽ എത്തിയതായി വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെങ്കിലും ഇപ്പോൾ തന്നെ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാരും ആരോഗ്യ മന്ത്രിയും.
ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനവും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ മുഴുവൻ എയർപോർട്ടുകളിലും നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തിയ 18 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അവരെ ബാധിച്ചത് ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അവരുടെ സ്രവം പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം ലഭ്യമാവുന്ന മുറയ്ക്ക് മാത്രമേ ഇതേക്കുറിച്ച് എന്തെങ്കിലും പറയാനാകൂ.
പുതിയ വൈറസിനും നേരത്തേയുള്ള ചികിൽസ തന്നെയാണ് നൽകുക. എന്നാൽ ഇതിന്റെ പകർച്ചാ ശേഷി പഴയതിനെക്കാൾ 70 ശതമാനം കൂടുതലാണെന്നതാണ് പുതിയ വൈറസിനെ കൂടുതൽ അപകടകാരിയാക്കുന്നത്. അതിനാൽ ഇത് വ്യാപിക്കാതിരിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
പുതിയ സാഹചര്യത്തിൽ കോവിഡ് വ്യാപന സാധ്യത മുന്നിൽക്കണ്ട് കൂടുതൽ സിഎഫ്എൽടിസികൾ ഒരുക്കാൻ മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനാൽ നേരത്തേയുണ്ടായ സിഎഫ്എൽടിസികളിൽ പലതും വിട്ടുനൽകേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണത്തോടെ ജില്ലയിലെ കൊവിഡ് ചികിൽസാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം.