play-sharp-fill
കോട്ടയം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു? വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്; നാഗമ്പടം ബിവറേജസ് ഷോപ്പ് ഇന്നടച്ചേക്കും

കോട്ടയം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു? വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്; നാഗമ്പടം ബിവറേജസ് ഷോപ്പ് ഇന്നടച്ചേക്കും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിതി അതീവ ഗുരുതരമാകുന്നു.കോട്ടയം വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഷോപ്പ് അടച്ചു.


കഴിഞ്ഞ ദിവസം വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നു ജീവനക്കാർ അവധിയിൽ പ്രവേശിച്ചതോടെ ഷോപ്പ് അടച്ചിടേണ്ട സാഹചര്യം ഉണ്ടാവുകയായിരുന്നു. പകരം ക്രമീകരണം ഒരുക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരെ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഷോപ്പ് അടച്ചിടേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്പടം ബിവറേജസ് ഷോപ്പിലെ ചില്ലറ വിൽപ്പന ശാലയിൽ രണ്ടു ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയുള്ള മറ്റു ജീവനക്കാർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു ഈ ജീവനക്കാരും പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. ഇന്നു ഉച്ചയോടെ ഇവരുടെ പരിശോധനാ ഫലം ലഭിക്കും. ഇതിനു ശേഷം മാത്രമേ ബിവറേജസ് ഷോപ്പിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. ടിപിആർ 30ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ അനുവദിക്കില്ല.

അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫിസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈൻ സംവിധാനത്തിൽ ചേരണം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും.

പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുകയും ടിപിആർ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം.