
കൊവിഡ് ബാധിച്ച വയോധികന്റെ മൃതദേഹം അടക്കാൻ ശ്രമം : മുട്ടമ്പലം ശ്മശാനത്തിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം; റോഡ് ഉപരോധിച്ചു നാട്ടുകാർ
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം കോട്ടയം നഗരസഭയിലെ മുട്ടമ്പലം ശ്മാശനത്തിൽ അടക്കം ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.
മരിച്ചയാളുടെ പള്ളിയായ ചുങ്കത്തെ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാതെ കോട്ടയം നഗരസഭയുടെ മുട്ടമ്പലം വൈദ്യൂതി ശ്മശാനത്തിൽ മൃതദേഹമെത്തിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സി.എം.എസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോർജിന് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.
കൊവിഡാണെന്നു മരണ ശേഷമാണ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു, ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന നാലോളം ആളുകളോട് ക്വാറന്റനിയിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
മുൻ നഗരസഭ ജീവനക്കാരനായ ഇദ്ദേഹം വീണു പരിക്കേറ്റതിനെ തുടർന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു.
ഒരാഴ്ച നീണ്ട ചികിത്സയ്ക്കു ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്കു വിട്ടയക്കുകയും ചെയ്തിരുന്നു.
വീട്ടിലെത്തിയെങ്കിലും പിന്നീടും, ഇദ്ദേഹത്തിന് രോഗം മൂർച്ഛിക്കുകയായിരുന്നു. തുടർന്നു ഇതേ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പത്തു മിനിറ്റിനുള്ളിൽ മരണം സംഭവിച്ചു.
ഇതേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു സ്രവസാമ്പിൾ ശേഖരിച്ചു വീണ്ടും പരിശോധന നടത്തി. ഇതോടെയാണ് കൊവിഡ് ആണെന്നുറപ്പിച്ചത്. തുടർന്നു, ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം രണ്ടാമത്തും പരിശോധിച്ച് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സി.എസ്.ഐ പള്ളിയിൽ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചന. എന്നാൽ പള്ളി അധികൃതർ മൃതദേഹം സംസ്‌കരിക്കാൻ അനുവാദം നൽകിയില്ല.
തുടർന്ന് നഗരസഭയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നഗരസഭയുടെ മുട്ടമ്പലം വൈദ്യൂതി ശ്മാശനത്തിൽ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ശ്മാശനത്തിന് മുന്നിലേക്കുള്ള റോഡിൽ കുത്തിയിരുന്ന നാട്ടുകാർ മൃതദേഹം അടക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. ഈസ്റ്റ് പൊലീസിന്റെ നേത്വത്തിൽ വൻ സന്നാഹം കാമ്പ് ചെയ്യുന്നുണ്ട്. പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തഹസിൽദാർ അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തും.