ചികിത്സയില്ലാതെ മരിച്ചുവീഴുന്നവരിൽ ഗർഭിണികളും കുഞ്ഞുങ്ങളും ;ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുവീണ് മരിക്കുന്നത് ആയിരങ്ങൾ ; വരാൻ പോകുന്നത് പ്രതിദിനം അയ്യായിരത്തിലധികം പേർ മരിക്കുന്ന നാളുകളെന്ന് റിപ്പോർട്ട് ; മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ചുടലപറമ്പുകളുടെ ദൃശ്യങ്ങൾ പുറത്ത് : ഇന്ത്യ പ്രാണവായുവിനായി കേഴുന്നുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ആദ്യ തരംഗത്തെ പിടിച്ചുകെട്ടി ലോകത്തിന് തന്നെ മാതൃകയായ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ കോവിഡിന്റെ തരംഗത്തിൽ കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ പോലും നൽകാനാകാതെ പകച്ചു നിൽക്കുകയാണ് രാജ്യം.
കോവിഡിന്റെ ആദ്യ വരവിൽ ഇന്ത്യയുടെ വിജയഗാഥകൾ ആഘോഷമാക്കിയ പാശ്ചാത്യ മാധ്യമങ്ങളുടെ തലക്കെട്ടുകൾ ഇന്ത്യൻ ദുരന്തകഥകളാണ്. കോവിഡിൽ ഇന്ത്യയിലെ ആരും സുരക്ഷിതരല്ലെന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമം എഴുതിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം അതിവേഗം വ്യാപിക്കുകയാണെന്നും റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച മുതൽ ഓരോ ദിവസവും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷത്തിന് മേൽ പോകുന്നു. ലോകത്തിൽ തന്നെ സമാനതകളില്ലാത്ത സംഭവമാണിതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രോഗവ്യാപനം അതിരൂക്ഷമായ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഓക്‌സിജൻ ക്ഷാമം മൂലം പിടഞ്ഞുമരിക്കുകയാണ്. സർക്കാർ റെയിൽവേയുടെയും വ്യോമസേനയുടെയും സഹായത്താൽ എല്ലായിടങ്ങളിലും ഓക്‌സിജൻ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
കോവിഡിന്റെ രണ്ടാം വരവിൽ 40 വയസിൽ താഴെയുള്ളവരിൽ പോലും രോഗം സ്ഥിരീകരിക്കപ്പെടുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ലാതെയായി മാറിയിരിക്കുകയാണ്. രണ്ട് മാസം പ്രായമുള്ള കുട്ടികൾ വരെ രോഗികളിലുണ്ട്. ഗർഭിണികളും കോവിഡിനാൽ മരണപ്പെടുന്നു. പല ആശുപത്രികളിലും പുതിയ രോഗികളെ സ്വീകരിക്കാനാകാത്ത അവസ്ഥയാണെന്നും മറ്റൊരു പ്രമുഖ പത്രം ചൂണ്ടിക്കാണിക്കുന്നു.
ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ഹോസ്പിറ്റൽ സന്ദർശിച്ച ഡെയിലി മെയിൽ ലേഖകൻ എഴുതുന്നത് കാർ പാർക്ക് വരെ ഇന്റൻസീവ് കെയറായി രൂപമാറ്റം ചെയ്തിരിക്കുന്നു എന്നാണ്. വരാന്തകളിൽ പോലും സ്‌ട്രെച്ചറുകളിൽ രോഗികൾ ചികിത്സയ്ക്കുള്ള ഊഴം കാത്തുകിടക്കുന്നു. ഓരോ കിടക്കയിലും നാല് രോഗികൾ വീതം ഒരേ ഓക്‌സിജൻ സിലിണ്ടറിൽ നിന്നും അവർ ജീവവായു പങ്കുവയ്ക്കുന്നുവെന്നും റിപ്പോർട്ട് ചെയ്യുന്നു.
പലയിടങ്ങളിലും രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും, ഓക്‌സിജൻ പോലും ബന്ധുക്കൾ കൊണ്ടുവരേണ്ട ഗതികേടാണ്. പല ആശുപത്രികൾക്ക് മുന്നിലും ചികിത്സതേടി നീണ്ട നിരയാണ്. ഇത്രയും വ്യാപകമായ തോതിൽ ഒരു അടിയന്തര സാഹചര്യം തങ്ങളുടെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ഡോക്ടർമാരും നഴ്‌സുമാരും പറയുന്നത്.
ഒറ്റയടിക്ക് നാല് ഷിഫ്റ്റ് വരെയാണ് ആരോഗ്യ പ്രവർത്തകർ ഇപ്പോൾ പലപ്പോഴും ജോലിചെയ്യുന്നത്. മണിക്കൂറിൽ ഒരു റൗണ്ട് എടുത്ത് എല്ലാ രോഗികളേയും കാണേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പലപ്പോഴും ദിവസത്തിൽ ഒന്നോ പരമാവധി രണ്ടോ റൗണ്ടുകൾ മാത്രമാണ് ഡോക്ടർമാർ ചെയ്യുന്നതെന്നും ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതോടൊപ്പം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ അണയാത്ത ജ്വാലയുമായി നിൽക്കുന്ന ചുടലപ്പറമ്പുകളുടെ ദൃശ്യങ്ങളും പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മണിക്കൂറുകളോളം തുടർച്ചയായി പ്രവർത്തിച്ചതിനാൽ ഒരു വൈദ്യൂത ശ്മശാനത്തിലെ ഫർണസ് ഉരുകാൻ തുടങ്ങി എന്നുവരെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാം വരവിന്റെ മൂർദ്ധന്യത്തിലേക്ക് രാജ്യം എത്തുന്നതിന് മുൻപായി പ്രതിദിനം 5 ലക്ഷം പുതിയ രോഗികൾ എന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ മാത്രം 3,46,786 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 2,624 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
നിലവിൽ 1 ലക്ഷം രോഗികളിൽ 1.14 പേർ വീതം മരിക്കുന്നു എന്നതാണ് കണക്ക്. അതായത് മൂർദ്ധന്യഘട്ടത്തിൽ എത്തിയാൽ പ്രതിദിനം 5,700 കോവിഡ് മരണങ്ങളെങ്കിലും ഉണ്ടാകും എന്നർത്ഥം.