
അമ്മയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു, മരണസമയത്ത് നെഗറ്റീവ് ആയിരുന്നു ; വിവാദങ്ങൾക്ക് മറുപടിയായി പരിശോധനാ ഫലങ്ങൾ പുറത്തുവിട്ട് അൽഫോൻസ് കണ്ണന്താനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് ബാധിച്ച വിവരം മറച്ച് വച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചെന്ന വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം രംഗത്ത്. അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ മരണസമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
വിവാദങ്ങൾക്ക് മറുപടിയായി ഇത് തെളിയിക്കുന്ന പരിശോധനഫലങ്ങളും തന്റെ ഫെയ്‌സ്‌സ്ബുക്ക് പേജിലൂടെ അൽഫോൺസ് കണ്ണന്താനം പുറത്തുവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂൺ 10നാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് മരിക്കുന്നത്. തുടർന്ന് മൃതദേഹം വിമാനത്തിൽ കോട്ടയം മണിമലയിലെത്തിച്ച് പൊതുദർശനത്തിനുവച്ച ശേഷം പതിനാലിന് സംസ്‌കരിക്കുകയായിരുന്നു.
എന്നാൽ കൊവിഡ് ബാധിച്ച് അമ്മ മരിച്ച വിവരം അൽഫോൻസ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തിൽ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ആണ രംഗത്തു വന്നത്.
ഇതേത്തുടർന്നാണ് വിഷയത്തിൽ മറുപടിയുമായി കണ്ണന്താനം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മേയ് 28ന് ഡൽഹി എയിംസിൽ കോവിഡ് പോസിറ്റീവ് ആയി അമ്മയെ പ്രവേശിപ്പിച്ചത്. ജൂൺ അഞ്ചിനും പത്തിനു നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയി. മരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിലും അമ്മയക്ക് കോവിഡ് രോഗം നെഗറ്റീവ് ആയിരുന്നു.
എന്നാൽ, കോവിഡ് ബാധിച്ചതിനെ തുടർന്ന് മാതാവിന്റെ ആന്തരിക അവയവങ്ങൾ പലതിനും തകരാറുകൾ സംഭവിച്ചിരുന്നു. അതു പൂർവസ്ഥിതിയിൽ ആകാതിരുന്നതാണ് മരണകാരണം. അതുകൊണ്ടു തന്നെ സാങ്കേതികമായി കോവിഡ് ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതിൽ തെറ്റില്ലെന്നും അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.
ആളുകൾ തെറ്റിദ്ധാരണ മൂലം പേടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് വിവാദത്തിന് വിശദീകരണം നൽകുന്നതെന്നും കണ്ണന്താനം വ്യക്തമാക്കി.