
സ്വന്തം ലേഖകൻ
ഇടുക്കി: കൊവിഡ് സമൂഹ വ്യാപനം ഇടുക്കി ജില്ലയിലും ഭീതി വിതക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ധിക്കുന്നത് സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇടുക്കി രാജാക്കാട് നിന്നും പുറത്തുവരുന്നത്. സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് രാജാക്കാട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
രാജാക്കാട് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പരിശോധനകള്‍ വര്‍ധിപ്പിച്ച് ആള്‍ക്കാരെ ഉടന്‍ നിരീക്ഷണത്തിലാക്കണമെന്നാവശ്യവും വര്‍ധിക്കുകയാണിവിടെ. ഇന്നലെ വന്ന കണക്കുകള്‍ പ്രകാരം രാജാക്കാട് അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 36 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം അതിര്‍ത്തി മേഖലയായ രാജാക്കാട് തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പേര്‍ വന്നുപോയിരുന്നു. ഇവരില്‍ പലരും പ്രദേശത്ത് ഇപ്പോഴും താമസിക്കുന്നുമുണ്ട്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റ് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയുള്ളതിനാല്‍ പരിശോധനകള്‍ വ്യാപകമാക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം.