
കൊറോണയ്ക്ക് പിന്നാലെ വെള്ളപ്പൊക്കവും ; സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത ഉറപ്പിച്ച് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. കേരളം, മാഹി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ അതിതീവ്ര നിലയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്.
ഇവയ്ക്ക് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടകത്തിന്റെ തീരമേഖല എന്നിവിടങ്ങളിളും അതിതീവ്ര വെള്ളപ്പൊക്കമുണ്ടാകും. കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുന്നതിനാൽ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരിൽ ദുരന്തനിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്.
വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചാലിയാർ, പൂനൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൻ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർകോട് വരെയുള്ള മറ്റ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലലേർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.