
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 75 പേർക്കു കോവിഡ് 19 സ്ഥിരീകിരിച്ചു. 90 പേർക്കു രോഗവിമുക്തി നേടിയിട്ടുമുണ്ട്. കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേരാണ് മരിച്ചിരിക്കുന്നത്. ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വർദ്ധനവ് ഉണ്ടായതായും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നു രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 19 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയത്. മഹാരാഷ്ട്ര എട്ട്, ഡൽഹി അഞ്ച്, തമിഴ്‌നാട് നാല്, ആന്ധ്ര, ഗുജറാത്ത് ഒന്നു വീതം ആളുകളാണ് രോഗം ബാധിച്ചവർ. സംസ്ഥാനത്ത് ഇന്നു മാത്രം മൂന്നു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് 20 പേർ മരിച്ചു. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശത്ത് ഇന്നലെ വരെ 277 കേരളീയർ മരിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് ഡൽഹി, മുംബൈ, ചെന്നൈ, പ്രധാന നഗരങ്ങളിൽകേരളീയർ മരിച്ചിട്ടുണ്ട്. ഇന്നും ഡൽഹിയിൽ ഒരുമലയാളി നഴ്സ് മരിച്ചു. ഇതെല്ലാം നൽകുന്ന സൂചന നാം നേരിടുന്ന അവസ്ഥ ഗുരുതരമാണ് എന്നതാണ്. അതുകൊണ്ട് തന്നെ രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
തിരുവനന്തപുരം പത്ത്, കൊല്ലം നാല്, പത്തനംതിട്ട അഞ്ച്, ആലപ്പുഴം 16, കോട്ടയം മൂന്ന്, എറണാകുളം രണ്ട്, തൃശൂർ 11, പാലക്കാട് 24, കോഴിക്കോട് 14, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് രോഗ വിമുക്തരുടെ കണക്ക്.
കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ട 1, ആലപ്പഴ 1 – എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
സംസ്ഥാനത്തേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമെ വന്ദേഭാരത് മിഷൻ വഴി എത്തുന്ന പ്രവാസികൾക്കും സർട്ടിഫിക്കെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ആയിരം രൂപ നിരക്കുള്ള റാപ്പിഡ് ടെസ്റ്റ് നടത്തിയാലും മതിയെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം. വിമാനത്താവളങ്ങളിൽ നടത്തുന്ന ട്രൂ നാറ്റ് റാപ്പിഡ് ടെസ്റ്റ് മതിയെന്നാണ് യോഗ നിർദേശം. പരിശോധനയ്ക്കു എംബസികൾ സൗകര്യം ഒരുക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.
പ്രവാസികളുടെ കൊവിഡ് പരിശോധന വേഗത്തിൽ നടന്നുകിട്ടുന്നതിനായി കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. വന്ദേ ഭാരത് മിഷൻ കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത് എന്നതിനാൽ, ഇതുവരെ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലായിരുന്നു.



