
തിരുവനന്തപുരം: വസ്തു എഴുതി നൽകാത്തതിന്‍റെ പേരിൽ ഭാര്യാമാതാവിനെ അടിച്ചുകൊന്ന കേസിൽ പ്രതിയായ മരുമകനെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. കിളിമാനൂർ അടയമൺ വയ്യാറ്റിൻകര മിച്ചഭൂമി കോളനി കുന്നിൽ വീട്ടിൽ പ്രസാദി (55) നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻ 2 ജഡ്‌ജ് രാജേഷ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. വസ്തു എഴുതി നൽകാത്തതിന്‍റെ പേരിലാണ് കിളിമാനൂർ പഴയകുന്നുമ്മേൽ അടയമൺ വയറ്റിൻകര കുന്നിൽ വീട്ടിൽ രാജമ്മയെ(83) മരുമകനായ പ്രസാദ് കമ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. 2014 ഡിസംബർ 26ന് രാത്രിയായിരുന്നു സംഭവം.
രാജമ്മയുടെ മകൾ സലീനയുടെ ഭർത്താവാണ് പ്രസാദ്. രണ്ട് ആൺകുട്ടികളുടെ മാതാവായ സലീന വർഷങ്ങൾക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. പ്രസാദും കുട്ടികളും രാജമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ടിവി കണ്ടിരുന്ന രാജമ്മയെ പുറകിലൂടെ എത്തിയ പ്രതി വടികൊണ്ട് തലങ്ങും വിലങ്ങും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ ആലുംമൂട്ടിൽ വാങ്ങിയ വസ്തുവിൽ പ്രതി കെട്ടിടം നിർമിക്കാനുള്ള അടിത്തറ കെട്ടിയിരുന്നു. വസ്തു തന്‍റെ പേരിൽ മാറ്റി നൽകിയാൽ വായ്പയെടുത്ത് കെട്ടിട നിർമാണം പൂർത്തിയാക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്‌ദാനം.
പ്രസാദ് നേരത്തേ ഈ വസ്തു പണയപ്പെടുത്തിയെടുത്ത വായ്പാബാധ്യത തീർക്കാതെ എഴുതി നൽകില്ലെന്ന നിലപാടിൽ രാജമ്മ ഉറച്ചുനിന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ ഹരീഷ് കുമാർ ഹാജരായി.