
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് ഹൈക്കോടതിയുടെ വ്യവസ്ഥ.അനുമതിയില്ലാതെ രാജ്യം വിടരുത് എന്നതിനു പുറമെ ഉപയോഗിക്കുന്ന ഫോൺ നമ്പർ, താമസിക്കുന്ന വിലാസം തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ജാമ്യ ഉപാധിയായി നിർദേശിച്ചിട്ടുണ്ട്.
മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിനു പിന്നില്‍ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
സ്വഭാവികമരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. ഇതിനിടെ, മകള്‍ ലൈംഗികചൂഷണത്തിന് ഇരയായതായി ആരോപിച്ച യുവതിയുടെ പിതാവ് തെളിവുകള്‍ പൊലീസിനു കൈമാറി. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ സുകാന്ത് കോടതി മുൻകൂർ ജാമ്യം നിരസിച്ചതോടെ കീഴടങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത് വാദിച്ചു. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും സുകാന്ത് വാദിച്ചു.
ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയിരിക്കുകയാണെന്നും ഇതിന്റെ ഫലം കിട്ടിയതിനു ശേഷം അതുമായി ചേർത്തുവച്ച് പ്രതിയെ ചോദ്യം ചെയ്യണമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ജാമ്യം അനുവദിക്കാനായിരുന്നു കോടതിയുടെ തീരുമാനം.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ആത്മഹത്യാ പ്രേരണ കുറ്റം തുടങ്ങിയവയാണ് സുകാന്തിനെതിരെയുള്ളത്. പ്രതിയെ ജോലിയിൽ നിന്ന് പുറത്താക്കിയ കാര്യം പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
തങ്ങൾ പ്രണയത്തിലായിരുന്നു എന്നും എന്നാൽ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള വീട്ടുകാരുടെ സമ്മർദ്ദം മൂലം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് സുകാന്ത് വാദിച്ചത്. സുകാന്തിന്റെ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങൾ ഇതിനു വിരുദ്ധമായിരുന്നു.
ജാമ്യം കൊടുത്താൽ പ്രതി ഒളിവിൽ പോകുമെന്നും മുൻപ് ഇത്തരത്തിൽ ഒളിവിൽ പോയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.