
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: മീനങ്ങാടിയില്‍ വീട്ടമ്മയെ തീവെച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. തടവിന് പുറമെ പിഴയും പ്രതി നല്‍കണം. മീനങ്ങാടി പുറക്കാടി മുരണിയില്‍ താമസിച്ചു വന്നിരുന്ന കളത്തില്‍ വീട്ടില്‍ ഉമൈബയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ശ്രീകാന്ത് എന്ന ടിന്‍റുവിനെയാണ് ജീവപര്യന്തം കഠിന തടവിന് വിധിച്ചത്.
കൂടാതെ, അമ്പതിനായിരം രൂപ പിഴയൊടുക്കാനും ഭീഷണിപ്പെടുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവിനും കല്‍പറ്റ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. 2021 മാര്‍ച്ച് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന്‍ ആഷിഖുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കിടെയാണ് പ്രതി വീട്ടമ്മയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2021 ഏപ്രില്‍ എട്ടിനാണ് മരണപ്പെടുന്നത്. ആഷിഖിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി പെട്രോള്‍ വാങ്ങി ആഷിഖിന്‍റെ വീട്ടിലെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന് സമീപം എത്തിയ ശ്രീകാന്ത് ആഷിഖിനെ വീടിന് പുറത്തേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍, ആഷിഖ് പുറത്തേക്ക് വന്നെങ്കിലും ശ്രീകാന്തിന്‍റെ കൈവശം പെട്രോള്‍ കണ്ടതിനെ തുടര്‍ന്ന് അകത്തേക്ക് കടന്ന് വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ വാശിയിലും അമര്‍ഷത്തിലുമായിരുന്നു പ്രതിയായ ശ്രീകാന്ത്. പിന്നീട് ഇതേ ദിവസം വൈകീട്ട് എത്തി ആഷിഖിന്‍റെ ഉമ്മ ഉമൈബയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.