100 രൂപ കൈക്കൂലി വാങ്ങിയെന്ന കേസ് ; 39 വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഉദ്യോഗസ്ഥനെ വെറുതെ വിട്ട് കോടതി

Spread the love

ദില്ലി: നൂറ് രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 39 വർഷങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മുൻ ബില്ലിംഗ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവാർദിയയെയാണ് കുറ്റവിമുക്തനാക്കിയത്. കീഴ്ക്കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെ ഛത്തീസ്‌ഗഡ് ഹൈക്കോടതിയാണ് കുറ്റവിമുക്തനാക്കിയത്. 39 വർഷങ്ങൾക്ക് മുൻപ് സഹപ്രവർത്തകനായ അശോക് കുമാർ വർമയെന്ന ഉദ്യോഗസ്ഥനാണ് കുടിശിക തീർക്കാൻ ബില്ലിംഗ് അസിസ്റ്റന്റായിരുന്ന ജഗേശ്വർ പ്രസാദ് അവാർദിയ നൂറ് രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലോകായുക്തയ്ക്ക് പരാതി നൽകിയത്. പിന്നീട് ലോകായുക്തയാണ് കെണിയൊരുക്കി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിലെ ഹൈക്കോടതി കേസിൽ വിധി പ്രസ്താവിച്ചത്. നൂറ് രൂപയുടെ കറൻസി നോട്ട് കണ്ടെത്തിയത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകില്ലെന്നും കേസിൽ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വൈകിയെത്തിയ വിധി ഈ ഉദ്യോഗസ്ഥനെ സംബന്ധിച്ച് നേരിയ ആശ്വാസം മാത്രമാണ്.

ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടാണ് ലോകായുക്ത ജഗേശ്വർ പ്രസാദ് അവാർദിയയ്ക്ക് നൽകാനായി പരാതിക്കാരനായ അശോക് കുമാർ വർമയെ ഏൽപ്പിച്ചത്. ഈ നോട്ട് ജഗേശ്വർ പ്രസാദ് അവാർദിയ ധരിച്ച ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഈ തുക തൻ്റെ ഷർട്ടിൽ ബലമായി വച്ചതാണെന്നും തനിക്കിതുമായി ബന്ധമില്ലെന്നുമായിരുന്നു അന്ന് മുതൽ അദ്ദേഹം വാദിച്ചത്. ഇദ്ദേഹത്തിൻ്റെ കൈയ്യിൽ ഫിനോഫ്‌തലിൻ പുരണ്ടതിൻ്റെ തെളിവും ഇല്ലായിരുന്നു. എങ്കിലും കീഴ്ക്കോടതി ഇദ്ദേഹത്തെ കുറ്റക്കാരനായി വിലയിരുത്തി. ഇതേ തുടർന്നാണ് കേസ് ഹൈക്കോടതിയിലേക്ക് നീണ്ടത്. എന്നാൽ കേസ് വർഷങ്ങളോളം നീണ്ടത് തിരിച്ചടിയായി. ഒടുവിൽ ജീവിതത്തിൻ്റെ സായന്തനത്തിൽ നിൽക്കെയാണ് ഉദ്യോഗസ്ഥന് ആശ്വാസം നൽകുന്ന വിധി കോടതിയിൽ നിന്നുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group