എംഎല്‍എയ്ക്ക് ആശ്വാസം..! എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് കോടതി; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദ്ദേശം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയായ അധ്യാപികയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ കേസിലാണ് കോടതിയുടെ നിര്‍ദേശം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമവാദം നാളെ നടക്കും.

അഭിഭാഷകന്റെ ഓഫീസില്‍ വച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്ന മജിസ്‌ട്രേട്ട് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. കേസില്‍ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ലാ കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങ ചുമത്തിയാണ് എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമായിരുന്നു മൊഴി.

അതിനിടെ, കഴിഞ്ഞ ദിവസം കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായി പരാതിക്കാരി പറഞ്ഞു. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കഴിഞ്ഞ ദിവസം ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന.