കോടതിയിൽ നിന്നു പുറത്തിറങ്ങിയ പ്രതിയുടെ കയ്യിൽ കത്തി; പ്രതി കോടതിയിൽ വിചാരണയ്ക്കു ഹാജരായത് കത്തി അരയിലൊളിപ്പിച്ച്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ബോംബേറു കേസിന്റെ വിചാരണയ്ക്കു ജില്ലാ കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങിയ പ്രതിയുടെ കയ്യിൽ നിന്നു കത്തി പിടികൂടി. മണ്ണുത്തി മുടിക്കോട് പള്ളിപ്പറമ്പിൽ നെൽസൺ (മണ്ടേല – 29) ആണു പിടിയിലായത്. ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ സംഘത്തിൽപ്പെട്ടയാളാണു നെൽസൺ. ജാമ്യത്തിലായിരുന്ന നെൽസൺ കത്തി അരയിലൊളിപ്പിച്ചാണു കോടതിയിൽ വിചാരണയ്ക്കു ഹാജരായതെന്നു സംശയമുണ്ട്.

4 വർഷം മുൻപ് അരണാട്ടുകരയിലെ കോഴിക്കടയ്ക്കു നേരെ ബോംബെറിയുകയും 2 പേരെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളാണു നെൽസൺ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിലായിരുന്നു സംഭവം. കടവി രഞ്ജിത്തിന്റെ സംഘത്തിലെ പ്രധാനികളായ കാച്ചേരി സ്വദേശി ജിയോ, അഞ്ചേരി സ്വദേശി നിനോ എന്നിവരടക്കം പത്തോളം പേരെ വെസ്റ്റ് പൊലീസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി നടപടി കഴിഞ്ഞു പുറത്തിറങ്ങ‍ുന്നതിനിടെ സംശയം തോന്നി വെസ്റ്റ് പൊലീസ് സംഘം ദേഹപരിശോധന നടത്തിയപ്പോഴാണു നെൽസൺ കുടുങ്ങിയത്. എസ്ഐ കെ.ആർ. റെമിൻ, സിപിഒമാരായ ഗോറസ് ജോസ്, ശ്രീജു കൃഷ്ണൻ എന്നിവർ ചേർന്ന‍ാണു പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു. നെൽസണിന്റെ സംഘാംഗങ്ങളിൽ പലരും ജയിലിലാണ്.