
ന്യൂഡല്‍ഹി: ആദ്യ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാമത് വിവാഹം ചെയ്ത ആളില്‍നിന്ന് ജീവനാംശം ലഭിക്കാൻ സ്ത്രീക്ക് ക്രിമിനല്‍ ചട്ടപ്രകാരം (സി.ആർ.പി.സി 125ാം വകുപ്പ്) അർഹതയുണ്ടെന്ന് സുപ്രീംകോടതി.
ഇത്തരം നിയമങ്ങളുടെ സാമൂഹിക ക്ഷേമ വശം പ്രധാനമാണെന്നും ഇടുങ്ങിയ രൂപത്തിലുള്ള നിയമ വിശകലനം വഴി അതിന്റെ മാനുഷിക തലം ഇല്ലാതാക്കരുതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക് ജീവനാംശം നല്‍കാൻ രണ്ടാമത്തെ ഭർത്താവിന് കോടതി നിർദേശം നല്‍കി.
2005ലാണ് ഹരജിക്കാരിയായ സ്ത്രീ തന്റെ ആദ്യ ഭർത്താവുമായുള്ള ബന്ധം ഒഴിഞ്ഞത്. നിയമപരമായി ഇവർ വിവാഹമോചനം നേടിയിട്ടില്ല. ഒരു ധാരണപത്രത്തില്‍ ഒപ്പിട്ട് പിരിയുകയായിരുന്നു. പിന്നീട് അയല്‍പക്കത്തുള്ള ആളെ അതേ വർഷം വിവാഹം ചെയ്തു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇയാള്‍ അതേ വർഷം വിവാഹബന്ധം അവസാനിപ്പിക്കുകയും 2006ല്‍ കുടുംബകോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, അതിനുശേഷം ഇരുവരും യോജിപ്പിലെത്തി വീണ്ടും വിവാഹിതരായി. ഇവർക്ക് 2008ല്‍ മകളുമുണ്ടായി. പിന്നീട് ഇരുവരും തർക്കമുണ്ടാവുകയും സ്ത്രീ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസുകൊടുക്കുകയും ചെയ്തു.
തനിക്കും മകള്‍ക്കും ജീവനാംശം കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി കുടുംബകോടതി അനുവദിച്ചു. ഇതിനെതിരെ രണ്ടാമത്തെ ഭർത്താവ് തെലങ്കാന ഹൈകോടതിയെ സമീപിച്ചു. ആദ്യ വിവാഹം നിയമപരമായി പിരിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവരെ തന്റെ ഭാര്യയായി പരിഗണിക്കാനാകില്ലെന്നായിരുന്നു വാദം. ഈ വാദമാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിയത്.