
കൊച്ചി: പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആറു സ്വത്തുക്കളും ഒരു ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ എൻഐഎ നടപടി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി റദ്ദാക്കി. ട്രിവാൻഡ്രം എഡുക്കേഷൻ ട്രസ്റ്റ്, ഹരിതം ഫൗണ്ടേഷൻ പൂവൻചിറ, പെരിയാർ വാലി ചാരിറ്റബിൾ ട്രസ്റ്റ് ആലുവ, വള്ളുവനാട് ട്രസ്റ്റ് പാലക്കാട്, ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് കാസർകോട് എന്നീ സ്വത്തുക്കളും എസ്‌ഡിപിഐയുടെ ന്യൂഡൽഹിയിലെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ നടപടിയാണ് കോടതി റദ്ദാക്കിയത്.
സ്വത്തുക്കൾ കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്ത് മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ ട്രസ്റ്റികൾ നൽകിയ ഹരജിയിലാണ് കോടതി വിധി. ഈ സ്ഥാപനങ്ങളുമായി പോപുലർ ഫ്രണ്ടിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാൻ എൻഐഎക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു കേസിലെ ആരോപണ വിധേയന് എസ്ഡിപിഐയുടെ ന്യൂഡൽഹി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തെന്ന ആരോപണമാണ് ആ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാൻ കാരണമായിരുന്നത്. എന്നാൽ, ഈ ആരോപണവിധേയൻ എസ്‌ഡിപിഐ ഓഫിസിലെ ഡ്രൈവറായിരുന്നു. അയാൾക്കുള്ള ശമ്പളമാണ് ഓരോ മാസവും ട്രാൻസ്‌ഫർ ചെയ്‌തിരുന്നതെന്നും എൻഐഎ കോടതി ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻഐഎ കണ്ടുകെട്ടിയ 10 വസ്‌തുവകകൾ ജൂണിൽ കോടതി സ്വതന്ത്രമാക്കിയിരുന്നു. പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ടുകെട്ടിയ 17 വസ്‌തുവകകളാണ് ഇതുവരെ വിട്ടുനൽകിയിട്ടുള്ളതെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ പി സി നൗഷാദ് പറഞ്ഞു.