പീഡിപ്പിച്ച പ്രതിയെ കോടതിമുറിയിൽ കണ്ട് തിരിച്ചറിഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടി: ജഗതി ശ്രീകുമാർ പ്രതിയായ വിതുരക്കേസിൽ കോടതിയിൽ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ; കേസിൽ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു
സ്വന്തം ലേഖകൻ
കോട്ടയം: സിനിമാ താരം ജഗതി ശ്രീകുമാർ പ്രതിചേർക്കപ്പെട്ട വിതുര പെൺവാണിഭക്കേസിലെ ഇരയാക്കപ്പെട്ട പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. കേസിലെ ഇരയായ പെൺകുട്ടിയാണ് കോടതിയിൽ പ്രതിയെക്കണ്ട് പൊട്ടിക്കരഞ്ഞത്. കേസിലെ ഇരയായ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ പ്രതിഭാഗം അഭിഭാഷകൻ കേസിൽ നിന്നും വക്കാലത്ത് ഒഴിയുകയും ചെയ്തു. 21 കേസുകളിലെയും ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ മുബൈന മൻസിലിൽ സുരേഷിനെയാണു ഇരയാക്കപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞത്. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് തലകറങ്ങി പെൺകുട്ടി വീണതോടെ കേസ് 23 ലേയ്ക്ക് മാറ്റി വച്ചു. ചൊവ്വാഴ്ച മറ്റൊരു കേസിൽ സാക്ഷി മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയാക്കപ്പെട്ട സുരേഷിനെ മരിച്ചാലും മറക്കില്ലെന്നും, തന്നെ ഒരു പാട് ഉപദ്രവിച്ചതാണെന്നും പറഞ്ഞ ശേഷമായിരുന്നു യുവതി കോടതിമുറിയിൽ പൊട്ടിക്കരഞ്ഞത്. തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവതി കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ജഡ്ജി ജി.സനിൽകുമാർ കേസ് മാറ്റി വയ്ക്കുകയായിരുന്നു. രണ്ടുഘട്ടമായി വാദം പൂർത്തിയായ കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ മറ്റു പ്രതികളെ വെറുതെവിട്ടിരുന്നു. വിചാരണക്കാലത്ത് ഒളിവിലായിരുന്ന സുരേഷ് 2015ലാണു പിടിയിലാകുന്നത്. ഒരുവർഷത്തിനുശേഷം അയാൾ ജാമ്യത്തിലങ്ങി. പ്രോസിക്യൂഷനുവേണ്ടി രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.