കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവം: ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവിനും നോട്ടീസയച്ച്‌ കോടതി; നടപടി ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍

Spread the love

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് എംഎല്‍എ സച്ചിൻ ദേവിനും നോട്ടീസ് അയച്ച്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കെഎസ്‌ആർടിസി ഡ്രൈവർ യദു നല്‍കിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. നടുറോഡില്‍ കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യയെയും സച്ചിനെയും ഒഴിവാക്കിയ കുറ്റപത്രത്തിനെതിനെതിരായ ഹർജിയിലാണ് നോട്ടീസ്.

video
play-sharp-fill

മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഇത് റദ്ദാക്കണമെന്നാണ് യദുവിന്റെ ആവശ്യം. തനിക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടറെയും പ്രതിചേർക്കണമെന്ന ആവശ്യവും യദു ഉന്നയിക്കുന്നുണ്ട്. 2024 ഏപ്രിലില്‍ പാളയത്ത് വച്ചാണ് ആര്യയും സച്ചിനും സഞ്ചരിച്ച കാർ കെഎസ്‌ആർടിസി ബസിനെ തടഞ്ഞത്. തുടർന്ന്‌ ആര്യയും യദുവും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായി. പ്ലാമൂട് വച്ച്‌ ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രെെവ‌ർ അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു മുൻ മേയറുടെ ആരോപണം.

ആര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെഎസ്‌ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തിയെന്ന് കാണിച്ച്‌ യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ കേസെടുത്തില്ല. പിന്നീട് യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ച്‌ കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും മേയർക്കെതിരെ ചുമത്തണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്യയെയും ഭർത്താവിനെയും ആര്യയുടെ ബന്ധുവായ സത്രീയേയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് കുറ്റപത്രം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.