
കൊച്ചി: ‘തടവിലായ’ ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍.
തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ ജീന്‍ സിംഗാണ് (63) ഹര്‍ജിക്കാരന്‍. ഗ്വാളിയര്‍ സ്വദേശി ശ്രദ്ധ ലെനിന്‍ (42) ഭാര്യയാണെന്നും മരിച്ചതായി പറയപ്പെടുന്നെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചിരുന്നു.
കോടതിയില്‍ പൊലീസ് ഹാജരാക്കിയ ശ്രദ്ധ ലെനിന്‍ അത് നിഷേധിച്ചു. ഹര്‍ജിക്കാരനുമായി വിവാഹബന്ധമില്ലെന്നും സൗഹൃദമാണുണ്ടായിരുന്നതെന്നും അത് തുടരാന്‍ താത്പര്യമില്ലെന്നും ശ്രദ്ധ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹര്‍ജിക്കാരനില്‍ നിന്ന് ബ്ലാക് മെയിലിംഗ് ഉണ്ടായതോടെ സൗഹൃദത്തില്‍ നിന്ന് ഒഴിവാകാനായാണ് താന്‍ മരിച്ചെന്ന സന്ദേശവും ശവസംസ്‌കാരത്തിന്റെ ദൃശ്യങ്ങളും വേറെ ഫോണ്‍ നമ്പറുകളില്‍ നിന്ന് അയച്ചുകൊടുത്തതെന്നും വ്യക്തമാക്കി. മാട്രിമോണിയല്‍ പരസ്യത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
നിയമപരമായ വിവാഹബന്ധം ഉണ്ടായിട്ടില്ലെന്നും പള്ളിയില്‍ വച്ചാണ് താലികെട്ടിയതെന്നും കോടതിയില്‍ ഹാജരായ ഹര്‍ജിക്കാരനും സമ്മതിച്ചു. തന്റെ രണ്ടു കോടി രൂപ യുവതിയും കൂട്ടരും തട്ടിയെടുത്തത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു.
പണം ഹര്‍ജിക്കാരന്‍ സ്വമേധയാ നല്‍കിയതാണെന്നായിരുന്നു യുവതിയുടെ വാദം. താന്‍ ആരുടെയും തടങ്കലില്‍ അല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ബോധിപ്പിച്ചു. ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സാമ്പത്തിക വഞ്ചനയടക്കം നടന്നിട്ടുണ്ടെങ്കില്‍ ഇരുകൂട്ടര്‍ക്കും നിയമപരമായി നീങ്ങാമെന്നും കോടതി വ്യക്തമാക്കി.