ഓടിക്കൊണ്ടിരിക്കെ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ടയർ ഊരിത്തെറിച്ച് അപകടം; സര്‍വീസ് അപാകത ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയെ സമീപിച്ച്‌ യുവാവ്

Spread the love

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയർ ഊരിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടർന്നാണ് വാഹനത്തിൻ്റെ സർവീസ് അപാകത ചൂണ്ടിക്കാണിച്ച് കോഴിക്കോട് ഫറോക്ക് സ്വദേശി നൗഷാദാണ് കോടതിയെ സമീപിച്ചത്.

ഒരു വർഷം മുൻപാണ് ബജാജ് കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ നൗഷാദ് വാങ്ങുന്നത്. കൃത്യമായി ഷോറൂം സർവിസ് നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 12 ന് കെ വി ആർ മോട്ടോഴ്സിൻ്റെ ഫറോക്ക് ചുങ്കം ശാഖയില്‍ നിന്ന് വാഹനം സർവീസ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ആഗസ്റ്റ് ഏഴിനാണ് ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന്റെ ടയർ ഊരിത്തെറിച്ചെന്ന് നൗഷാദ് പറയുന്നു.

അപകടത്തില്‍ നൗഷാദിന് പരിക്കേറ്റിരുന്നു. കാലിന്റെ എല്ല് പൊട്ടുകയും ഒരു മാസം വിശ്രമത്തില്‍ കഴിയേണ്ടി വരികയും ചെയ്തു. പ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ട് സർവീസ് സെൻ്ററിനെ സമീപിച്ചെങ്കിലും ഇൻസ്പെക്ഷൻ റിപ്പോര്‍ട്ടടക്കം നല്‍കിയില്ലെന്നാണ് നൗഷാദിന്റെ ആരോപണം. അർഹമായ നഷ്ടപരിഹാരവും, അപകടത്തിലേക്ക് നയിച്ചതില്‍ നടപടിയും ആവശ്യപ്പെട്ടാണ് നൗഷാദ് ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുന്നത്. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല എന്നാണ് സംഭവത്തില്‍ സർവീസ് സെൻ്ററിന്റെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group