കാസർകോട് ജില്ലാ കോടതിയെ വിറപ്പിച്ച് അഡ്വ.ബി.എ ആളൂർ: പെരിയ ഇരട്ടക്കൊലക്കേസ് എട്ടാം പ്രതിയ്ക്കായി നിർണ്ണായക നീക്കവുമായി ആളൂർ കോടതിയിൽ
ക്രൈം ഡെസ്‌ക്
കാസർകോട്: പെരിയ കൂട്ടക്കൊലക്കേസിൽ കോടതിയിൽ നിർണ്ണായക വാദങ്ങൾ നിരത്തി അഡ്വ.ബി.എ ആളൂർ. ആളൂരിന്റെ വാദങ്ങളിൽ വിറച്ച് കോടതിയും. ഇതോടെ കേസിൽ എട്ടാം പ്രതിയ്ക്കായി ആളൂർ കോടതിയിൽ ഹാജരായത് നിർണ്ണായക നീക്കമായി മാറി.
പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി സുബീഷിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കാസർകോട് ജില്ലാ സെഷൻ കോടതി സെപ്തംബർ 25ലേക്ക് മാറ്റിയത് ആളൂറിന്റെ നിർണ്ണായക നീക്കത്തെ തുടർന്നാണ്. പ്രതിക്ക് വേണ്ടി ഹാജരായത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ആളൂരായിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വാദം കേൾക്കാനായി മാറ്റിവെക്കുകയായിരുന്നു. ഉച്ചയോടെയാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ചത്. പ്രതിയുടെ ജാമ്യത്തിനായുള്ള അഡ്വ. ആളൂരിന്റെ വാദങ്ങൾ കോടതിയെ വിറപ്പിച്ചു. പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു.
തന്റെ കക്ഷി കേസിലെ കുറ്റാരോപിതരായ ഒന്നുമുതൽ ഏഴ് വരെയുള്ളവരുമായി ചേർന്ന് കുറ്റകൃത്യം നടത്തിയിട്ടില്ലെന്നും സംഭവ സമയം അവരുടെ കൂടെ ഉണ്ടായിരുന്നില്ലെന്നും കൊലക്കായി ആയുധങ്ങളോ മറ്റോ ഉപയോഗിച്ചിട്ടില്ലെന്നുമാണ് അഡ്വ. ആളൂർ ജാമ്യത്തിനായി കോടതിയിൽ വാദിച്ചത്.
2019 ഫെബ്രുവരി 16ന് ആണ് സുബീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാലു ദിവസം കഴിഞ്ഞ് 20ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ചെറിയൊരു കാലയളവിലെ അന്വേഷണം മാത്രമാണ് തന്റെ കക്ഷിക്ക് എതിരെ നടത്തിയത്. കേസിലെ മറ്റ് പ്രതികൾ പറഞ്ഞ് കൊടുത്ത മൊഴിയല്ലാതെ നേരിട്ട് പങ്കെടുത്തതിന് യാതൊരു തെളിവും ഇല്ലെന്നും അഡ്വ. ആളൂർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ആളൂരിന്റെ ഈ വാദങ്ങളെല്ലാം ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ പി വി ജയരാജ് ശക്തമായി എതിർത്തു.
സുബീഷ് കുറ്റകൃത്യം ചെയ്യാനുപയോഗിച്ച ഇരുമ്പുദണ്ഡ് ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊട്ടകിണറ്റിൽ നിന്നും കണ്ടെടുത്തിട്ടുള്ളതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതിയുടെ കുറ്റ സമ്മതമൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഗൂഡാലോചന നടത്തിയ സ്ഥലത്തും കൊലപാതകം നടത്തിയ സ്ഥലത്തും
പ്രതിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിനുള്ള ഫോൺ കോൾ രജിസ്റ്ററും കുറ്റപത്രത്തോടൊപ്പം നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കുറ്റകൃത്യം നടന്നതിന് ശേഷം ഒളിവിൽ പോയ പ്രതി 10 ദിവസത്തിന് ശേഷം ബംഗളൂരു വിമാനത്താവളം വഴിയാണ് ഗൾഫിലേക്ക് കടന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അടുത്തുള്ള വിമാനത്താവളങ്ങളൊന്നും ഉപയോഗിക്കാതെയാണ് പ്രതി ബംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈബ്രാഞ്ച് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 16ന് മംഗളൂരു വിമാനത്താവളം വഴി എത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെച്ച് ക്രൈംബ്രാഞ്ചിന് വിവരം നൽകുകയും അന്വേഷണ സംഘത്തിലെ സി ഐ അബ്ദുർ റഹീം കസ്റ്റഡിയിൽ എടുക്കുകയും അന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും കോടതി മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിൽ വിട്ടുകൊടുക്കുകയുമായിരുന്നു.
പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോവുകയും പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വസ്ത്രങ്ങൾ കത്തിക്കാൻ ഉപയോഗിച്ച ലൈറ്റർ വലിച്ചെറിഞ്ഞത് തൊട്ടടുത്ത തോടിനടുത്ത് നിന്ന് കണ്ടെടുത്തതായി പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ഒരുതരത്തിലും പ്രതിക്ക് ജാമ്യം നൽകരുതെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതിന് എല്ലാ തെളിവും ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. അഡ്വ.ബി.എ ആളൂരിനൊപ്പം, അഡ്വ.ജോർജുകുട്ടി പുന്നമൂട്ടിൽ, അഡ്വ.ടോജി, അഡ്വ.രാജേഷ് നെടുമ്പ്രം, അഡ്വ.പ്രശാന്ത്, അഡ്വ.അർച്ചന എന്നിവർ കോടതിയിൽ ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group