
സ്വന്തം ലേഖകൻ
കണ്ണൂര്‍: രാത്രി കടൽപാലം കാണാനെത്തിയ ദമ്പതിമാർക്ക് നേരെ തലശ്ശേരി പൊലീസ് സദാചാര ആക്രമണം നടത്തിയതായി പരാതി. ചോദ്യം ചെയ്തപ്പോൾ പൊലീസിനെ ആക്രമിച്ചു എന്ന കള്ളക്കേസിൽ കുടുക്കി ഭർത്താവിനെ ജയിലിൽ അടച്ചെന്ന് യുവതിയുടെ പരാതി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മർദ്ദിച്ചെന്നും അസഭ്യവർഷം നടത്തിയെന്നുമാണ് ആരോപണം.
തലശ്ശേരി സഹകരണ ആശുപത്രിയിൽ നഴ്‌സായ മേഘയും ഇലക്ട്രീഷ്യനായ ഭർത്താവ് പ്രത്യുഷും ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പുറത്ത് പോയതായിരുന്നു. ഭക്ഷണവും കഴിച്ച് കടൽ പാലത്തിനടുത്ത് ചെന്നപ്പോൾ സമയം 11 മണിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്രോളിങ്ങിനെത്തിയ പൊലീസ് സംഘം എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നും ഉടൻ പോകണമെന്നും ആവശ്യപ്പെട്ടു. നിയമപരമായി എന്ത് അധികാരത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് പ്രത്യുഷ് തിരിച്ച് ചോദിച്ചതോടെ തർക്കമായി. ഒരു ജീപ്പ് കൂടി വിളിച്ചു വരുത്തി ഇരുവരെയും എസ് ഐ മനുവും സംഘവും സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി. മേഘയെ സ്റ്റേഷൻ്റെ പുറത്ത് നിർത്തി അസഭ്യം പറയുകയും ഭർത്താവിനെ സ്റ്റേഷനകത്ത് ക്രൂരമായി അക്രമിച്ചു എന്നുമാണ് പരാതി.
പൊലീസിനെ ആക്രമിച്ചു എന്നും ജോലി തടസ്സപ്പെടുത്തി എന്നും ആരോപിച്ച് മേഘയ്ക്കും പ്രത്യുഷിനുമെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസുമെടുത്തു. മനുവിനെ റിമാൻഡ് ചെയ്തു. കോടതി സ്ത്രീ എന്ന പരിഗണനയിൽ മേഘയ്ക്ക് ജാമ്യം നൽകി.
എന്നാല്‍ പ്രത്യുഷിനെ മർദ്ദിച്ചിട്ടില്ലെന്നും കടൽക്ഷോഭം ഉള്ളത് കാരണമാണ് തിരികെ പോകാൻ പറഞ്ഞതെന്നുമാണ് ആരോപണ വിധേയനായ എസ്ഐ മനുവിൻ്റെ വിശദീകരണം.
വാർത്തയ്ക്ക് പിന്നാലെ എസ്ഐക്കും സിഐക്കു മെതിരെ അന്വേഷണത്തിന് കമ്മീഷണർ ആർ ഇളങ്കോ ഉത്തരവിട്ടു. തലശ്ശേരി എസിപിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിച്ച് റിപ്പോർട്ട് കിട്ടിയാൽ നടപടിയുണ്ടാകും.