
എറണാകുളത്ത് കള്ളനോട്ട് നിർമ്മാണം; കോതമംഗലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; 500 ന്‍റെ രണ്ട്, 200 ന്‍റെ നാല്, 50 ന്‍റെ മൂന്ന് വീതം കള്ളനോട്ടുകളും നോട്ട് അടിയ്ക്കാനുപയോഗിക്കുന്ന പ്രിന്‍റും അനുബന്ധസാമഗ്രികളും കണ്ടെടുത്തു
സ്വന്തം ലേഖകൻ
എറണാകുളം: വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കള്ളനോട്ട് നിർമ്മാണം നടത്തിയ യുവാവ് പിടിയിൽ. കോതമംഗലം സ്വദേശി പ്രവീൺ ഷാജിയെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 500 ന്‍റെ രണ്ട്, 200 ന്‍റെ നാല്, 50 ന്‍റെ മൂന്ന് വീതം കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.
പ്രവീൺ ഷാജിയുടെ പേഴയ്ക്കാപ്പിള്ളിയിലെ പ്രണവ് ഓട്ടോ ഇലക്ട്രിക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നോട്ട് അടിയ്ക്കാനുപയോഗിക്കുന്ന പ്രിന്‍റും അനുബന്ധസാമഗ്രികളും കണ്ടെടുത്തു. ഇവിടെയാണ് കള്ളനോട്ട് നിർമ്മാണം നടത്തിയിരുന്നത്. കിഴക്കേക്കരയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം ലഭിച്ച 500 രൂപയുടെ ഒരു നോട്ട് കള്ളനോട്ട് ആണോ എന്ന സംശയം പൊലീസിനെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസ് പമ്പിൽ വന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോട്ട് നൽകി പെട്രോളടിച്ചത് ഇയാളെന്ന് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയിലാണ് കള്ളനോട്ടും, പ്രിന്ററും പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ വിഷ്ണു രാജു , ബേബി ജോസഫ്, എ.എസ്.ഐ പി.എം രാജേഷ്, എസ്.സി പി.ഒ ബേസിൽ സ്ക്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.