മോഷണക്കേസില്‍ പ്രതിയായ സിപിഎം വനിതാ കൗണ്‍സിലര്‍ രാജിവച്ചു: രാജി സിപിഎം ജില്ലാ നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്ന്
പാലക്കാട്: മോഷണക്കേസില്‍ പ്രതിയായ ഒറ്റപ്പാലം നഗരസഭയിലെ കൗണ്‍സിലര്‍ രാജിവച്ചു. വരോട് വാര്‍ഡ് കൗണ്‍സിലറായിരുന്ന ബി സുജാതയാണ് രാജിവച്ചത്. കേസില്‍ പ്രതിചേര്‍ത്തപ്പോള്‍ ഇവരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
മോഷണക്കേസിലെ പ്രതിയായ കൗണ്‍സിലറെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഭരണസമിതിക്കെതിരെ, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെയാണ് കൗണ്‍സിലറുടെ രാജി.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജിയെന്നും സൂചനയുണ്ട്. നഗരസഭാ സെക്രട്ടറിക്ക് രജിസ്ട്രേഡ് ആയിട്ടാണ് രാജിക്കത്ത് അയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണ്‍ 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ 38000 രൂപ നഷ്ടമാകുന്നത്. അതില്‍ പ്രതിയായതിനെ തുടര്‍ന്ന് സിപിഎം ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സുജാത ഒഴിഞ്ഞെങ്കിലും കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുകയായിരുന്നു.
സിപിഎം നേതാക്കളുടെ സംരക്ഷണമുള്ളതിനാലാണ് കൗണ്‍സിലര്‍ സ്ഥാനം ഒഴിയാത്തതെന്ന് ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. 15 പേരുടെ പിന്തുണയിലാണ് ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്നത്. യുഡിഎഫിന് 14 പേരുടെ പിന്തുണയുമുണ്ട്.