play-sharp-fill
കൗൺസിലർ പീഡിപ്പിച്ചെന്ന് നഗരസഭ ജീവനക്കാരിയുടെ പരാതി; പൊലിസ് കേസെടുത്തു

കൗൺസിലർ പീഡിപ്പിച്ചെന്ന് നഗരസഭ ജീവനക്കാരിയുടെ പരാതി; പൊലിസ് കേസെടുത്തു

സ്വന്തംലേഖിക

 

ആലപ്പുഴ: പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ആലപ്പുഴ നഗരസഭ മംഗലം വാർഡ് കൗൺസിലർ ജോസ് ചെല്ലപ്പനെതിരെ നോർത്ത് പൊലീസ് കേസെടുത്തു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കൗൺസിലറുടെ ഓഫീസിലെ ജീവനക്കാരിയാണ് പരാതിക്കാരി.കൗൺസിലറുടെ വീടിനോട് ചേർന്നുള്ള ഓഫീസിൽ ജോലി ചെയ്ത് വരവേ പലതവണ തന്നെ പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ മർദ്ദിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. മൊബൈൽ ഫോൺ വഴി പലതവണ വധഭീഷണി മുഴക്കി.വീട്ടിൽ ഒറ്റയ്ക്കുള്ള സമയങ്ങളിൽ കൗൺസിലർ മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി. വീടിന്റെ പരിസരത്ത് വച്ച് തന്റെ ഭർത്താവിനെ തടഞ്ഞുനിറുത്തി കൗൺസിലർ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു.അതേസമയം,യുവതിയുടെ ഭർത്താവ് മർദ്ദിച്ചെന്ന് കൗൺസിലറും പൊലീസിൽ പരാതി നൽകി. ഈ കേസിൽ യുവതിയുടെ ഭർത്താവിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
കൗൺസിലർ പറയുന്നത് ;
മൂന്ന് വർഷമായി തന്റെ ഓഫീസിൽ ജോലി നോക്കുന്ന യുവതി വീട് നിർമ്മാണത്തിനായി 2.5ലക്ഷം രൂപ കടം വാങ്ങി. ഓഫീസ് ജോലിയിൽ വീഴ്ച വരുത്തിയതിന് നാല് മാസം മുമ്പ് യുവതിയെ പുറത്താക്കി. കടം വാങ്ങിയ തുക തിരികെ ചോദിച്ചപ്പോൾ ഭർത്താവും ബന്ധുക്കളായ ആറ് പേരും ചേർന്ന് തന്നെ മർദ്ദിച്ചു. സംഭവത്തിൽ ഇവർക്കെതിരെ കേസ് കൊടുത്തു. കേസ് ഒഴിവാക്കാൻ യുവതി ശ്രമിച്ചിട്ടും താൻ വഴങ്ങാത്തതിനെത്തുടർന്നാണ് വ്യാജ ആരോപണം ഉന്നയിച്ച് പരാതി നൽകിയത്.