
സ്വന്തം ലേഖകന്‍
കോട്ടയം: കുട്ടികളെ ബാധിക്കുന്ന അഞ്ചാം പനി അഥവാ മീസില്‍സ് വില്ലനാകും മുന്‍പ് ചില മുന്‍കരുതലുകളെടുക്കാം.
രോഗം കാരണമുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കാരണം അഞ്ചാംപനി ധാരാളം കുട്ടികളുടെ മരണത്തിന് കാരണമാകാറുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍, പോഷകക്കുറവുള്ള കുട്ടികള്‍,അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, എന്നിവരിലാണ് സങ്കീര്‍ണ്ണതകള്‍ കണ്ടുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുമ്മലിലൂടെയും ചുമയിലൂടെയും പുറത്തുവരുന്ന രോഗാണുക്കളുടെ കണികകള്‍ രോഗ പകര്‍ച്ചാശേഷിയോടുകൂടി രണ്ട് മണിക്കൂര്‍ നേരം ചുറ്റുപാടും നിലനില്‍ക്കും.ഇങ്ങനെയുള്ള വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ അവ തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളില്‍ പെരുകുകയും ശരീരം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു .രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.ശരീരം മുഴുവന്‍ വ്യാപിക്കുന്ന തിണര്‍പ്പുകളാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം.
മീസില്‍സ് വൈറസ് ശ്വാസകോശത്തെയാണ് സാരമായി ബാധിക്കുന്നത്. ഇങ്ങനെ വൈറസ് ബാധ ഏറ്റ ശ്വാസകോശത്തില്‍ മറ്റ് ബാക്ടീരിയകള്‍ കാരണം ന്യൂമോണിയ ഉണ്ടാകാം. ഇതിന് സെക്കന്‍ഡറി ബാക്ടീരിയല്‍ ന്യൂമോണിയ എന്നാണ് പറയുന്നത്. ഇതുകൂടാതെ ഉണ്ടാകുന്ന മറ്റൊരു പ്രയാസമാണ് തലച്ചോറിന് ഉണ്ടാകുന്ന നീര്‍ക്കെട്ട് അഥവാ എന്‍സഫലൈറ്റിസ്. രോഗലക്ഷണങ്ങള്‍ കുറഞ്ഞതിന് ശേഷം വീണ്ടും തലവേദന, പനി എന്നിവ കാണപ്പെടുന്നതാണ് രോഗം തലച്ചോറിനെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങള്‍.
പനി, ചുമ, കണ്ണുകളില്‍ ചുവപ്പുനിറം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം, പേശി വേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, വായ്ക്കകത്ത് ചാരനിറം ചേര്‍ന്ന കുരുക്കള്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയെല്ലാമാണ് പ്രാഥമിക ലക്ഷണങ്ങളായി വരുന്നത്.ഏഴു മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗം പൂര്‍ണമായും ഭേദമാകും. മറ്റ് രോഗലക്ഷണങ്ങളും ഇക്കാലയളവിനുള്ളില്‍ അപ്രത്യക്ഷമാവും. എന്നാല്‍ ചുമ രണ്ടോ മൂന്നോ ദിവസത്തേക്ക് നീണ്ടുനില്‍ക്കാം.