സി.ഒ.ടി നസീർ വധശ്രമക്കേസ് ; എ.എൻ ഷംസീറിനു നേരെ കുരുക്ക് മുറുകുന്നു,ഉടൻ ചോദ്യം ചെയ്യും

സി.ഒ.ടി നസീർ വധശ്രമക്കേസ് ; എ.എൻ ഷംസീറിനു നേരെ കുരുക്ക് മുറുകുന്നു,ഉടൻ ചോദ്യം ചെയ്യും

സ്വന്തം ലേഖിക

കോഴിക്കോട് : സി.ഒ.ടി.നസീർ വധശ്രമക്കേസിൽ എ.എൻ.ഷംസീർ എംഎൽഎയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് എംഎൽഎയെ വിളിച്ചുവരുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. കേസ് അന്വേഷണം സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എൻ.കെ.രാഗേഷിൽ എത്തി നിൽക്കുകയാണ്.അണികൾക്ക് വിരോധമുണ്ടായതിനെ തുടർന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാൻ പൊട്ടിയൻ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രഗേഷ് മൊഴി നൽകിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്. നസീർ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം
സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് ശേഷം എത്രയും പെട്ടന്ന് നോട്ടിസ് നൽകും. പൊട്ടിയൻ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ഉന്നത ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് നസീർ ആവർത്തിച്ചു. പിടികിട്ടാനുള്ള കൊളശേരി സ്വദേശി മിഥുനിനായി അന്വേഷണം ഊർജിതമാക്കി.