
കൊച്ചി: യുവാവിനെ താമസസ്ഥലത്തു നിന്നു തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു പണം കവര്‍ന്ന കേസിലെ പ്രതി തനിക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയും പ്രതി ചേര്‍ക്കപ്പെടുകയും ചെയ്ത പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതിയില്‍ ചോദ്യമുയര്‍ത്തി. ഇതോടെ പൊലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്കി. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഉദയംപേരൂര്‍ സ്വദേശി ഗിരീഷ് ബാബുവാണു(49) കോടതി ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റിലായത്.
കേസിലെ മൂന്നാം പ്രതിയാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ ഗിരീഷ് ബാബു. കൂട്ടുപ്രയിയായ ആള് പൊലീസുകാരനെ എന്തേ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതിയില്‍ ചോദ്യം ഉന്നയിച്ചതോടെ ഉടന്‍ ഗിരീഷ് ബാബുവിനെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. ഉടന്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു.
ആലുവ മജിസ്ട്രേട്ട് കോടതിയിലാണു കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ നടന്നത്.ഇടപ്പള്ളി അല്അമീന് സ്കൂളിനു സമീപം ശ്രീനാരായണ ലെയിനിലെ ഹോംസ്റ്റേയില്‍ വനിതാ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും പണം കവരുകയും ചെയ്ത കേസിലെ ആറു പ്രതികളിലൊരാളാണു ഗിരീഷ് ബാബു. കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും 4 പ്രതികളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group