തൊഴിലുറപ്പ് പദ്ധതിയിൽ കയ്യിട്ടുവാരി ജനപ്രതിനിധികൾ; അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമങ്ങളും നടക്കുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നാല് പാർട്ടിയിൽ ഉള്ള 9 അംഗങ്ങൾ.
ഇടതുപക്ഷം ഭരിക്കുന്ന പൂവച്ചൽ പഞ്ചായത്തിൽ ജോലി ചെയ്യാതെ വ്യാജ രേഖകൾ തയ്യാറാക്കി പ്രതിനിധികൾ 168422 രൂപ കൈക്കൽ ആക്കി എന്ന് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. സിപിഎമ്മിന്റെ നാല് അംഗങ്ങളും സിപിഐയുടെ ഒരംഗവും കോൺഗ്രസിന്റെയും ബിജെപിയുടെയും രണ്ടംഗങ്ങളുമാണ് പ്രതിക്കൂട്ടിൽ ഉള്ളത്. പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുത്ത ദിവസം പോലും ഇവർ തൊഴിലുറപ്പിലും ജോലി ചെയ്തെന്ന് വ്യാജ രേഖകൾ ഉണ്ടാക്കി പണം വെട്ടിച്ചു. ഇങ്ങനെ കയ്യിട്ടുവാരിയ പണം തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും 18000 രൂപ മാത്രമാണ് തിരിച്ചടച്ചത്. എന്നാൽ സംഭവത്തിൽ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു തലയൂരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
അതേസമയം ഇത് സാമ്പത്തിക തട്ടിപ്പ് ആയതിനാൽ വിജിലൻസിന് കേസെടുക്കാനുള്ള അധികാരമുണ്ട്. തെറ്റ് ചെയ്തത് ജനപ്രതിനിധികൾ ആയതിനാൽ അയോഗ്യരാക്കാനും ചട്ടമുണ്ട്. പക്ഷേ ഈ അഴിമതിയിൽ നാല് പാർട്ടിക്കും പങ്കുള്ളതിനാൽ ഒതുക്കി തീർക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group