
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ അഴിമതി കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്താന്‍ നോക്കിയ സര്‍ക്കാരിന് വിജിലന്‍സ് കോടതിയില്‍ നിന്ന് കനത്ത പ്രഹരം.
പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ഒഴിവാക്കി വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച കോടതി വിചാരണ നേരിടാന്‍ ഉത്തരവിട്ടതാണ് സര്‍ക്കാരിന് തിരിച്ചടിയായത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.ടി.ഡി.എഫ്.സി മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ രാജശ്രീ അജിത്ത് ഒന്നാംപ്രതിയായ അഴിമതി കേസിലാണ് സര്‍ക്കാരിനെ ഇരുത്തുന്ന നിര്‍ണായക തീരുമാനം ഉണ്ടായത്.
നിരവധി വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥയായിട്ടും രാജശ്രീ അജിത്തിനെ കൃഷി വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് ഡയറക്ടറാക്കാനുളള നീക്കം നടക്കുന്നതിനിടെയാണ് കോടതിയില്‍ നിന്ന് വിചാരണ നേരിടാനുളള ഉത്തരവ് ഉണ്ടാകുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
മുന്‍ മന്ത്രി വി.എസ് .ശിവകുമാറിൻ്റെ സഹോദരന്‍ വിനോദ്. എസ്. നായര്‍ക്ക് വായ്പ അനുവദിച്ച കേസിലാണ് രാജശ്രീ അജിത് അടക്കമുളള പ്രതികള്‍ക്കെതിരെ വിജിലന്‍സ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
സി.പി.ഐയുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജശ്രീ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത്. തുടര്‍ന്ന് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ഒഴിവാക്കിയാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.