അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറി,സാമ്പത്തികമായി അടിമുടി തകർന്നു നിൽക്കുകയാണ് കേരളം;മുഖ്യമന്ത്രിയും മരുമകനും കേരളത്തെ കട്ടുമുടിക്കുന്നു കെ.സുധാകരൻ
സ്വന്തം ലേഖിക
കൊച്ചി :രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ മരുമകനും ചേർന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണ്. കേരളം സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ കാലിയായി കിടക്കുന്ന ഖജനാവിനെ സാക്ഷിയാക്കി അടിമുടി ധൂർത്തുമായിട്ടാണ് സർക്കാരിന്റെ വാർഷികം ആഘോഷിക്കുന്നതെന്നും സുധാകരൻ ഫേസ്ബുക്ക് കുറുപ്പിൽ കുറ്റപ്പെടുത്തി.
ഈ സർക്കാരിന്റെ നിർമ്മിതികൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്. പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മാണത്തിലെ അപാകതകൾ കാരണം തകർന്ന് വീഴുകയാണ്. ചെറിയ മഴ ഉണ്ടായപ്പോൾ തന്നെ വലിയ രീതിയിൽ കൊട്ടിഘോഷിച്ച് കേവലം മൂന്ന് മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ശംഖുമുഖം റോഡ് പാടെ തകർന്നിരിക്കുന്നു. സമാനമായ സാഹചര്യമാണ് സംസ്ഥാനത്തെ പല റോഡുകളിലും ഉള്ളത്. വേണമെങ്കിൽ സർക്കാരിന് “റോഡിലൊരു നീന്തൽക്കുളം” പദ്ധതി പ്രഖ്യാപിക്കാവുന്ന അവസരമാണിതെന്നും അദ്ദേഹം പരിഹസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റിന്റെ പൂർണരൂപം
അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു!
സാമ്പത്തികമായി അടിമുടി തകർന്നു നിൽക്കുകയാണ് കേരളം. ഈ സാഹചര്യത്തിലാണ് കാലിയായ ഖജനാവിനെ സാക്ഷിയാക്കി അടിമുടി ധൂർത്തുമായി പിണറായി വിജയൻ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്നത്.
അതിനിടയിലാണ് തുടർച്ചയായി ഉണ്ടാകുന്ന അഴിമതികളുടെ കഥകൾ ഓരോ ദിവസവും പുറത്തു വരുന്നത്. ഈ സർക്കാരിന്റെ നിർമ്മിതികൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മാണത്തിലെ അപാകതകൾ കാരണം തകർന്ന് വീഴുകയാണ്.
ചെറിയ മഴ ഉണ്ടായപ്പോൾ തന്നെ വലിയ രീതിയിൽ കൊട്ടിഘോഷിച്ച് കേവലം മൂന്ന് മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ശംഖുമുഖം റോഡ് പാടെ തകർന്നിരിക്കുന്നു. സമാനമായ സാഹചര്യമാണ് സംസ്ഥാനത്തെ പല റോഡുകളിലും ഉള്ളത്. വേണമെങ്കിൽ സർക്കാരിന് “റോഡിലൊരു നീന്തൽക്കുളം” പദ്ധതി പ്രഖ്യാപിക്കാവുന്ന അവസരമാണിത്.
സി പി എം നേതാക്കളുടെ ഇഷ്ടക്കാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിച്ച കൂളിമാട് പാലം തകർന്നത് കഴിഞ്ഞ ദിവസമാണ്.ഇതിലും കൃത്യമായ അഴിമതി ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം. എന്നാൽ ആരോപണങ്ങൾ ഉയരുമ്പോൾ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഊരാളുങ്കൽ തന്നെ നിർമിച്ച സംസ്ഥാന ഐടി മിഷൻ കെട്ടിടവും തകർന്നു വീണിരിക്കുന്നു. കോടികളുടെ മുതൽമുടക്കിൽ മൂന്ന് മാസം മുമ്പ് നിർമ്മാണം കഴിഞ്ഞ ബഡ്സ് സ്പെഷ്യൽ സ്കൂൾ ചോർന്നൊലിക്കുന്ന സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.പൊതുമരാമത്ത് മന്ത്രിയുടെ അഴിമതിയുടെ മറ്റൊരു സാക്ഷ്യമായ ചെമ്പൂച്ചിറ സ്കൂൾ തകർന്ന സംഭവം ഇവർ നിർമിച്ച മറ്റ് സ്കൂളുകളെ കുറിച്ചോർത്ത് മാതാപിതാക്കളെ ഭയപ്പെടുത്തുകയാണ്.
ഇങ്ങനെ പാലങ്ങളും റോഡുകളും സ്കൂൾ കെട്ടിടങ്ങളും ആശുപത്രികളും തകരുമ്പോൾ അതിൽ അഴിമതിക്കൊപ്പം പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ജനങ്ങളുടെ സുരക്ഷയും ചോദ്യചിഹ്നമായി ഉയരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നടക്കുന്ന അഴിമതികൾ മുൻ മന്ത്രി ജി സുധാകരൻ തന്നെ തുറന്ന് വിമർശിച്ചത് ഇതൊക്കെ കൊണ്ടുതന്നെയാണ്.
ഇവിടെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ മരുമകനും ചേർന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണ്. പരിചയസമ്പന്നരെ മാറ്റി നിർത്തി മുഖ്യമന്ത്രിയുടെ കുടുംബത്തിൽ തന്നെ സുപ്രധാന വകുപ്പ് ആയ പൊതുമരാമത്ത് ഏൽപിച്ചതും പ്രവൃത്തികളെല്ലാം ഒരേ കരാറുകാർക്ക് നൽകുന്നതും ഗുണമേന്മയില്ലാതെ അവ പൊളിഞ്ഞു വീഴുന്നതും ഒക്കെ സംശയാസ്പദമാണ്, കൂട്ടിച്ചേർത്ത് വായിക്കേണ്ടവ ആണ്.
തുടർച്ചയായുണ്ടായിരിക്കുന്ന അഴിമതികളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ മാറ്റി നിർത്തി സത്യസന്ധമായ അന്വേഷണം നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാകണം.