ആശങ്ക വർദ്ധിക്കുന്നു…! കേരളത്തിലെ മറ്റ് വലിയ നഗരങ്ങളിലും സൂപ്പർ സ്‌പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐ.എം.എയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം ഭീതിയിലാഴ്ത്തിയിരിക്കുന്ന കേരളത്തിൽ വലിയ നഗരങ്ങളിലും കോവിഡ് സൂപ്പർ സ്‌പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐഎംഎ ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) മുന്നറിയിപ്പ് നൽകി.
ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാളിൽ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയിൽ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തിൽ വ്യാപിക്കുന്നതാണ് സൂപ്പർ സ്‌പ്രെഡ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പം തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. ഈ അവസ്ഥയാണ് തലസ്ഥാന നഗരിയിൽ കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. പി ഗോപകുമാറും വ്യക്തമാക്കി.
ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളിൽ കൂടുതൽ പേർ തിങ്ങിത്താമസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികൾ, ശുചിത്വക്കുറവ് ഇവയൊക്കെ കൊറോണ വൈറസ് വ്യാപനം രൂക്ഷമാക്കും.
സൂപ്പർ സ്‌പ്രെഡ് ഉണ്ടായ പൂന്തുറ മേഖലയിൽ നിന്ന് രോഗികളെ കണ്ടെത്തി എത്രയും പെട്ടെന്ന് മാറ്റിപാർപ്പിക്കണം. ഈ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ മാർഗരേഖ പ്രകാരം സ്വകാര്യമേഖലയിൽ കൂടുതൽ ടെസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും അതിനുള്ള നടപടി വേണമെന്നും ഐഎംഎ അധികൃതർ മുന്നറിയിപ്പ് നൽകി.