ലണ്ടനിൽ നിന്നുമെത്തി വീട്ടിൽ നിരീക്ഷണത്തിലിരിക്കവേ മുങ്ങിയ നേഴ്‌സിനെ പൊലീസ് കണ്ടെത്തി ; ആരോഗ്യവകുപ്പ് അധികൃതർ നോട്ടീസ് നൽകിയേക്കുമെന്ന് സൂചന ; സംഭവം അടിമാലിയിൽ
സ്വന്തം ലേഖകൻ
അടിമാലി: ലണ്ടനിൽ നിന്നുമെത്തി വീട്ടിൽ നിരീക്ഷണത്തിലിരിക്കവേ വീട്ടിൽ നിന്നും മുങ്ങിയ നേഴ്‌സിനെ പൊലീസ് കണ്ടെത്തി. അടിമാലി കൊന്നത്തടി സ്വദേശിനിയായി വനിതാ നഴ്‌സ് നെടുംങ്കണ്ടത്തെ ഭർത്തൃഗൃഹത്തിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. സർക്കാർ നിർദ്ദേശം ലംഘിച്ചതിന്റെ പേരിൽ വെള്ളത്തൂവൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഭർതൃ ഗൃഹത്തിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്.
എന്നാൽ വീട്ടിൽ നിന്നും ഭർതൃ ഗൃഹത്തിലെത്തിയശേഷം പ്രദേശത്തെ ആരോഗ്യവകുപ്പ് അധികൃതരെയും നെടുംങ്കണ്ടം പൊലീസിലും തന്റെ യാത്രയെക്കുറിച്ച് വിശദീകരിച്ചുവെന്നാണ് ഇവർ വെള്ളത്തൂവൽ പൊലീസിൽ അറിയിച്ചിരുന്നത്. പാമ്പാടുംപാറയിലെ ഹെൽത്ത് സെന്ററിൽ ബന്ധപ്പെട്ടുവെന്നും ഇത്തരത്തിലൊരു വിവരം ലഭിച്ചില്ലന്നാണ് ജീവനക്കാർ അറിയിച്ചതെന്നും പിന്നാലെ പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നെടുംങ്കണ്ടം പൊലീസ് വെള്ളത്തൂവൽ പൊലീസുമായി ബന്ധപ്പെട്ട് കേസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരുമായി എത്തി ഇവർക്ക് നോട്ടീസ് നൽകുന്നതിനുള്ള നീക്കത്തിലാണിപ്പോൾ പൊലീസ്. വീടിന് പുറത്തിറങ്ങരുതെന്നുള്ള നിർദ്ദേശം ഇവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
സഹോദരിക്ക് പനിയുടെ ലക്ഷണം ഉണ്ടായതിനാലാണ് ഒന്നര വയസ്സുള്ള മകനോടൊപ്പം താൻ ഭർതൃഗൃഹത്തിലേയ്ക്ക് തിരിച്ചതെന്നാണ് ഇവർ വെള്ളത്തൂവൽ പൊലീസിൽ അറിയിച്ചിട്ടുള്ളത്. കാറിലാണ് താൻ യാത്ര ചെയ്തതെന്നും പൊതുഗതാഗത മാർഗ്ഗങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി. ഇക്കാര്യം ഇവർ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.