play-sharp-fill
കരുതിയിരിക്കുക..! വരുന്നത് നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ  പ്രജനനകാലം : മുന്നറിയിപ്പുമായി ആരോഗ്യ വിദ്ഗധർ

കരുതിയിരിക്കുക..! വരുന്നത് നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലം : മുന്നറിയിപ്പുമായി ആരോഗ്യ വിദ്ഗധർ

സ്വന്തം ലേഖകൻ

കൊച്ചി: ലോകരാജ്യങ്ങൾക്ക് ഭീഷണിയായ മാറിയ കൊറോണ വൈറസ് ബാധയ്ക്കിടയിൽ നിപ വൈറസ് ബാധയെക്കൂടി കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ.


നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്. വവ്വാലുകളുടെ പ്രജനനകാലത്ത് വൈറസുകളുടെ തോത് കൂടുതലായിരിക്കുമെന്ന് അന്താരാഷ്ട്ര ജേർണലായ ‘വൈറസസി’ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുസാറ്റ് ബയോടെക്‌നോളജി വകുപ്പ് വൈറോളജി ലാബിലെ ഡോ. മോഹനൻ വലിയവീട്ടിലിന്റെ നേതൃത്വത്തിലാണ് നിപ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷം മേയ്, ജൂൺ മാസങ്ങളിലാണ് കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ രോഗം വരുന്നത് തടയാൻ സർവസജ്ജമായി ഇരിക്കണമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് വാഹകരാണെങ്കിലും തനതായ പ്രതിരോധശേഷിയുള്ളതിനാൽ ഇവ വവ്വാലുകളെ ബാധിക്കാറില്ല. എന്നാൽ, പ്രജനനകാലത്ത് അവയുടെ പ്രതിരോധശേഷി കുറയും.

ഈ സമയത്ത് വവ്വാലുകളുടെ സ്രവങ്ങളിൽ നിപ വൈറസ് കൂടുതലായിരിക്കും. അപ്പോൾ ഇവയുമായി സമ്പർക്കത്തിൽ വരുന്ന മധ്യവർത്തിയിൽനിന്നാണ് മനുഷ്യരിലേക്ക് രോഗംവരുക.

രണ്ടുതരം നിപ വൈറസാണുള്ളത്. നിപ വൈറസ്ബി, നിപ വൈറസ്എം എന്നിവ. ഇതിൽ നിപ വൈറസ് ബിക്കാണ് മരണനിരക്ക് കൂടുതൽ.

ഇന്ത്യയിലും ബംഗ്ലാദേശിലും റിപ്പോർട്ട് ചെയ്തത് ഇതാണ്. മലേഷ്യയിൽ നിപഎം ആയിരുന്നു.വവ്വാലുകളുടെ പ്രജനനകാലം ആയതിനാൽ തന്നെ ആവാസസ്ഥലങ്ങളിൽനിന്ന് അകലംപാലിക്കണം.

വവ്വാലുകൾ കടിച്ചെന്ന് സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്. വ്യക്തിശുചിത്വം പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.