അടയ്ക്കാത്തെരുവിലെ ഇന്ത്യൻ കോഫീഹൗസ് നിന്നും മംഗള എക്‌സ്‌പ്രസ് വരെ യാത്ര ; കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

അടയ്ക്കാത്തെരുവിലെ ഇന്ത്യൻ കോഫീഹൗസ് നിന്നും മംഗള എക്‌സ്‌പ്രസ് വരെ യാത്ര ; കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. മാർച്ച് 13-ാം തിയതി അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അതേദിവസം പോയ ഒൻപത് സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

മാർച്ച് പതിമൂന്നിന് ഇത്തിഹാദ് എയർവെയ്‌സ് EY 250 (3.20 am) വിമാനത്തിൽ കരിപ്പൂരെത്തിയ രോഗി രാവിലെ 6.20 മുതൽ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് ഏഴ് മണിക്ക് മാഹി ജനറൽ ആശുപത്രിയിലെത്തി. രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലൻസിൽ എത്തി. ഇതേദിവസം തന്നെ വൈകുന്നേരം മൂന്നരയ്ക്ക് ഇയാളെ മാഹിയിൽ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീച്ചാശുപത്രിയിൽ അഡ്മിറ്റാകാൻ വിസമ്മതിച്ച മാഹി സ്വദേശി ബഹളമുണ്ടാക്കി തിരിച്ചുപോവുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്കെത്തി. പ്ലാറ്റ്‌ഫോം നമ്പർ നാലിൽ നിന്നും മംഗള എക്‌സപ്രസിൽ യാത്ര ചെയ്തു. കോഴിക്കോട് മുതൽ തലശ്ശേരി വരെയാണ് രോഗിയും കൂട്ടരും യാത്ര ചെയ്തത്. തലശ്ശേരിയിൽ ഇറങ്ങിയ ഇവർ ഓട്ടോയിൽ വീട്ടിലേക്കെത്തി. സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് രോഗിയെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചു.

രോഗം സ്ഥിരീകരിച്ച വ്യക്തിയും കൂടെയുള്ള രണ്ടുപേരും യാത്രയിൽ മാസ്‌ക് ധരിച്ചിരുന്നു. ഇയാൾ യാത്രചെയ്ത ഫ്‌ളൈറ്റുകളിൽ സഞ്ചരിച്ചവരും പ്രസ്തുത തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.