കീഴടക്കാനാവാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് അടുക്കുന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 57 പേർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒന്നരമാസം ആവാറാകുമ്പോഴും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,429 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 24,506 ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 775 ആയി ഉയർന്നു.
5,063 ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തരായി. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയിൽ 6,817 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 301 പേർ മഹാരാഷ്ടയിൽ മാത്രം വൈറസ് ബാധിച്ച് മരിച്ചു. 840 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡൽഹിയിലുമാണ്. 2,815 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.
127 പേരാണ് ഇവിടെ മരിച്ചത്. ഡൽഹി 2,514 പേർക്കും രോഗം സ്ഥിരീകരിച്ചു. 53 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.