മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറുവാനോ പാടില്ല, മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് ഉൾപ്പെടെയുള്ള ധരിക്കണം : സംസ്‌കാര ചടങ്ങുകൾ നടക്കുക പ്രോട്ടോകോൾ പ്രകാരം
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകൾക്ക് കർശന വ്യവസ്ഥകൾ. പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഖൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായുള്ള പ്രോട്ടോക്കോൾ പ്രകാരമുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. നാലു ബന്ധുക്കൾ മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുക. അതേസമയം ആചാരം അനുസരിച്ച് സംസ്‌കാര കർമ്മങ്ങൾ ചെയ്യാം, എന്നാൽ മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് ഉൾപ്പെടെ ധരിക്കണം. ഇതാണ് പ്രോട്ടോകോൾ പ്രകാരമുള്ള നിർദ്ദേശങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മട്ടാഞ്ചേരി ലോബോ ജംഗ്ഷനു സമീപം കച്ചി ഹനഫി മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സംസ്‌കാര ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്.
ദുബായിൽ നിന്ന് മാർച്ച് 16ന് ഇയാൾ എത്തിയത്. തുടർന്ന് മാർച്ച് 22നാണ് രോഗബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തുന്നത്. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ടാക്‌സി ഡ്രൈവറും ഭാര്യയും കൊറോണ വൈറസ് രോഗബാധിതരായി ചികിത്സയിലാണ്. ദുബായിൽ നിന്നും ഇയാൾക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാരും നിരീക്ഷണത്തിലാണുള്ളത്.
ഇയാൾക്ക1പ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഈ പതിനഞ്ച് പേരിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ചുള്ളിക്കൽ സ്വദേശി. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്.
ശനിയാഴ്ച രാവിലെ നില കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. തുടർന്ന് എട്ട് മണിയോടെ മരണം സംഭവിച്ചു. എന്നാൽ, മരണം സംഭവിച്ച് നാല് മണിക്കൂർ പിന്നിട്ട് എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു ജില്ലാ ഭരണകൂടം വിവരം പുറത്ത് വിട്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ നിർദ്ദേശം പാലിച്ചായിരിക്കും മരണാനന്തര ചടങ്ങ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. ശനിയാഴ്ച രാവിലെ വരെയുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. കൊറോണ വൈറസ് ബാധയിൽ രാജ്യത്ത് 19പേർ മരിച്ചു. 775 പേർ ചികിത്സയിലാണ്. രാജ്യത്താകമാനം 78 പേർ രോഗ മുക്തി നേടുകയും ആശുപത്രി വിടുകയും ചെയതിട്ടുണ്ട്. ഇതുവരേയും ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമതായി ഏറ്റവും കൂടുതൽ കൊറോണ വൈറസ് രോഗ ബാധിതർ ഉള്ളത് കേരളത്തിലാണ്. 176 പേർ. അതേസമയം മഹാരാഷ്ട്രയിൽ 25 ഉം കേരളത്തിൽ 11 പേരും രോഗമുക്തി നേടിയിട്ടുണ്ട്.