വാഹനങ്ങളില്‍ എ.സി കഴിവതും ഒഴിവാക്കുക, വിന്‍ഡോ ഷീല്‍ഡ് താഴ്ത്തി വയ്ക്കുക : ലോക് ഡൗണിന് ശേഷവും പാലിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളിങ്ങനെ
സ്വന്തം ലേഖകന്‍
തിരുവനന്തുപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ അടച്ചിടല്‍ മെയ് മൂന്നിന് അവസാനിക്കുകയാണ്.
രോഗ വ്യാപനം കുറഞ്ഞ, റെഡ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യത്തില്‍ ലോക് ഡൗണ്‍ അവസാനിച്ചാലും പാലിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായ്ക് മുന്നോട്ട് വയ്ക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍
വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും പുനരുപയോഗസാധ്യമായ മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌ക് 10 മിനുട്ട് നേരം സോപ്പില്‍ കുതിര്‍ത്തുവെച്ചതിനുശേഷം മാത്രമേ കഴുകിയെടുക്കാവൂ.
കഴുകിയെടുത്ത മാസ്‌ക് നല്ല വെയിലത്ത് ഉണക്കിയെടുക്കുകയും ഇസ്തിരിയിട്ട് ഉപയോഗിക്കുകയും വേണം.
അതേസമയം ഡിസ്പോസിബിള്‍ മാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കേണ്ടതാണ്.
ഡിസ്പോസിബിള്‍ മാസ്‌ക് ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കരുത്. യാത്രാവേളകളില്‍ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും അധികമായി മാസ്‌ക് കരുതണം. മാസ്‌ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. എല്ലാ വ്യക്തികളും അവരവരുടെ കൈവശം സാനിറ്റൈസര്‍ കരുതുന്നത് ശീലമാക്കുക. കൂട്ടംകൂടി നില്‍ക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ ശ്രദ്ധിക്കുക.
ശാരീരിക അകലം പാലിക്കുക. ഹസ്തദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികള്‍ ഒഴിവാക്കുക. സ്വന്തമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ അന്യരുമായി പങ്കിടരുത്. ഭക്ഷണം ഒരേ പ്ലേറ്റില്‍ നിന്നും കഴിക്കുന്നത് ഒഴിവാക്കുക.
സാമൂഹിക ചടങ്ങുകളില്‍ പാലിക്കേണ്ടവ
സാമൂഹിക ചടങ്ങുകളില്‍ പരമാവധി കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. കൂട്ടംകൂടി നില്‍ക്കുന്നതും ഇരിക്കുന്നതും പരമാവധി ഒഴിവാക്കുക. കസേരകള്‍ തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് രണ്ട് കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്. ചടങ്ങ് നടക്കുന്ന ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കണം. ആവശ്യമായ ഇടങ്ങളിലൊക്കെ സാനിറ്റൈസറുകളും സ്ഥാപിച്ചിരിക്കണം.
സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍
ലോക ഡൗണിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പായി അകവും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തേണ്ടതാണ്. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഉണ്ടായിരിക്കണം.
എല്ലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നയിടത്ത് തന്നെ സാനിറ്റൈസര്‍ നിര്‍ബന്ധമായും വെച്ചിരിക്കണം. പൊതുജനങ്ങള്‍ പ്രവേശിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും പ്രതലങ്ങളും സ്ഥാപനം അടക്കുന്നതിന് മുന്‍പ് 0.1% ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥാപനമാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിന് ആവശ്യമായ അധിക സൗകര്യം ഒരുക്കിയിരിക്കണം.
വാഹനങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍
വാഹനങ്ങളില്‍ എസി കഴിവതും ഒഴിവാക്കുക. വിന്‍ഡോ ഷീല്‍ഡ് താഴ്ത്തിവെക്കുക. അനുവദനീയ യാത്രക്കാരുടെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ.
ഡോര്‍ ഹാന്‍ഡില്‍സ്, ഗ്ലാസ്സ് ബൈന്‍ഡര്‍, ഹാന്‍ഡ് ബാര്‍, ഹാന്‍ഡ് റെയില്‍, റെഗുലേറ്റര്‍, സ്വിച്ച്, ഡിക്കി ഹാന്‍ഡ് എന്നിവ ഓരോ യാത്രയ്ക്ക് ശേഷവും അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. പൊതു വാഹനമാണെങ്കില്‍ എല്ലാ ദിവസവും ഓട്ടത്തിനുശേഷം പൂര്‍ണ്ണമായും അണുനശീകരണം നടത്തേണ്ടതും അത്യാവശ്യമാണ്.