
കോട്ടയം: ഒരുകാലത്ത് മലയാളിയുടെ രുചിക്കൂട്ടിലെ അത്ര പ്രധാന ഇനമായിരുന്നില്ല മല്ലിയിലയെങ്കിലും ഇന്ന് കറിവേപ്പില പോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് മല്ലിയിലയും.
പലപ്പോഴും കടയില്‍ നിന്നും നാം വാങ്ങിക്കുന്ന മല്ലിയില രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ നശിച്ചു പോകാറാണ് പതിവ്. എന്നാല്‍, വളരെ എളുപ്പത്തില്‍ മല്ലിയില വീട്ടില്‍ തന്നെ നട്ടു പരിപാലിക്കാൻ സാധിക്കും. മല്ലിയില വീട്ടില്‍ നട്ടുവളർത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മല്ലിയില കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് മണ്ണിളക്കുക. ശേഷം ചാണകപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്ത് രണ്ടുദിവസം വെള്ളമൊഴിച്ച് നനയ്ക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രോ ബാഗിലാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കില്‍ മണ്ണും ചാണകപ്പൊടിയും നന്നായി മിക്സ് ചെയ്ത് മിശ്രിതം ബാഗില്‍ നിറക്കുക. ശേഷം വെള്ളമൊഴിച്ച് രണ്ടുദിവസം നനയ്ക്കുക.
മണ്ണ് ഒരുക്കി രണ്ടു ദിവസത്തിനുശേഷം ഒന്നുകൂടി ഇളക്കി മറിച്ചതിനു ശേഷം മല്ലി വിത്തുകള്‍ നടാം. മല്ലി വിത്ത് നടുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യം വിത്തിൻ്റെ തോടിന് കട്ടി കൂടുതലായതിനാല്‍ കൈകൊണ്ട് നല്ലതുപോലെ തിരുമ്മി അതിനുള്ളില്‍ ഉള്ള വിത്താണ് മണ്ണില്‍ പാകേണ്ടത്.
കൈകൊണ്ട് തിരുമ്മി വിത്ത് പൊട്ടിക്കാൻ സാധിക്കുന്നില്ല എങ്കില്‍ ചപ്പാത്തി കോലുകൊണ്ട് അമർത്തിയതിനുശേഷം വിത്ത് മണ്ണില്‍ വിതറി അതിനുമുകളില്‍ അല്പം മണ്ണിട്ടാലും മതിയാകും.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം.13 ദിവസം കൊണ്ടാണ് സാധാരണ മല്ലി മുളച്ചു വരിക. മുളച്ചു കഴിഞ്ഞാല്‍ ആവശ്യാനുസരണം വെള്ളം നല്‍കിയാല്‍ മതിയാകും. വെള്ളം അധികമായാല്‍ തൈ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്.
മല്ലി വളർന്നു കഴിയുമ്ബോള്‍ ആവശ്യത്തിന് മുറിച്ചെടുക്കുക. ശേഷം പച്ച ചാണക വെള്ളം തളിക്കുന്നതും നല്ലതാണ്. ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നതും നല്ലതാണ് വേറെ വളപ്രയോഗം ആവശ്യമില്ല.
ഓർക്കുക, അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ വിഷാംശമുള്ള ഒരു പച്ചക്കറിയാണ് മല്ലിയില. അതിനാല്‍ ഒന്നു ശ്രമിച്ചാല്‍ നമ്മുടെ വീട്ടില്‍ തന്നെ ആവശ്യത്തിനു മല്ലിയില വളർത്തിയെടുക്കാം.