
ചെന്നൈ : രജനികാന്ത് നായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘കൂലി’ക്ക് എ സർട്ടിഫിക്കറ്റ് ഒഴിവാക്കണം എന്ന ആവശ്യവുമായി ചിത്രത്തിൻറെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയിൽ. തമിഴിൽ സമീപകാലത്തിറങ്ങിയ ചിത്രങ്ങളെവെച്ച് നോക്കുമ്പോൾ കൂലിയിൽ വയലൻസ് രംഗങ്ങൾ കുറവാണെന്നും ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്നുമാണ് നിർമാതാക്കൾ ഉന്നയിക്കുന്നത്. എ സർട്ടിഫിക്കറ്റ് ആയതുകൊണ്ട് തന്നെ രജനിയുടെ ആരാധകരായ കുട്ടികൾക്ക് ചിത്രം കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നതായും, കെ.ജി.എഫ്, ബീസ്റ്റ് തുടങ്ങീ ചിത്രങ്ങൾക്ക് നൽകിയത് യു/എ സർട്ടിഫിക്കറ്റ് ആണെന്നും നിർമ്മാതാക്കൾ ചൂണ്ടികാണിക്കുന്നു. ഹർജി ഇന്ന് ജസ്റ്റിസ് തമിഴ് സെൽവി പരിഗണിക്കും.
അതേസമയം ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങളെ മറികടന്ന് മികച്ച മുന്നേറ്റമാണ് ചിത്രം ബോക്സ്ഓഫീസിൽ നടത്തിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 4 ദിവസങ്ങൾകൊണ്ട് തന്നെ ചിത്രം 400 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വിമർശനങ്ങളായിരുന്നു കൂലിക്ക് ലഭിച്ചിരുന്നത്. രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group