സ്വന്തം ലേഖിക
തൃശൂര്‍: ചികിത്സയ്ക്ക് പണമില്ലാതെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപക മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു.
മാപ്രാണം ഏറാട്ട് പറമ്പില്‍ ദേവസിയുടെ ഭാര്യ ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മന്ത്രിയുടെ പ്രതികരണം. ഫിലോമിനയുടെ കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിന് പണം നല്‍കിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മെഡിക്കല്‍ കോളേജിലായിരുന്നു ഫിലോമിനയുടെ ചികിത്സ നടന്നത്. ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. മരണം ദാരുണമാണ്. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല’- മന്ത്രി പറഞ്ഞു.
അതേസമയം, ആവശ്യത്തിന് പണം നല്‍കിയിരുന്നെന്ന മന്ത്രിയുടെം വാദം ഫിലോമിനയുടെ മകന്‍ ഡിനോയ് തള്ളി. അമ്മയുടെ ചികിത്സ തുടങ്ങിയതിന് ശേഷം ഒരു രൂപ പോലും ബാങ്ക് നല്‍കിയിട്ടില്ല. അമ്മയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് ശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടില്‍കൊണ്ടുവന്നത്. ഇത് ഒരാഴ്ച മുന്‍പ് തന്നിരുന്നെങ്കില്‍ അമ്മയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ മികച്ച ചികിത്സ നല്‍കാമായിരുന്നെന്നും മകന്‍ പറഞ്ഞു.
‘പല ഗഡുക്കളായി 4.60 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് ഇതുവരെ ലഭിച്ചത്. പല ആവശ്യങ്ങള്‍ക്കായാണ് പണം നല്‍കിയത്. എന്റെ ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷം രൂപ ചോദിച്ചപ്പോള്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. അമ്മയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കാനാണ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍ അത് കിട്ടിയില്ല.
അച്ഛന്റെ സമ്പാദ്യമാണ് ആ പണം. ഞങ്ങള്‍ക്ക് ആവശ്യമായ പണം എത്രയാണെന്ന് ഒരു മന്ത്രിയോ എം എല്‍ എയോ അല്ല തീരുമാനിക്കേണ്ടത്.
പണം എപ്പോള്‍ ചോദിച്ചാലും നല്‍കാന്‍ ബാങ്ക് ബാദ്ധ്യസ്ഥരാണ്. ഞങ്ങള്‍ക്ക് ആവശ്യമുള്ള പണം നല്‍കിയെന്ന് മന്ത്രി എന്തടിസ്ഥാനത്തിലാണ് പറയുന്നത്’- മകന്‍ ചോദിച്ചു.