
കൊച്ചി: വാറന്റി കാലയളവിൽ മൊബൈൽ ഫോൺ തകരാർ പരിഹരിച്ചില്ല വ്യാപാരിയും സര്‍വീസ് സെന്ററും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, മുളന്തുരുത്തി സ്വദേശി സണ്ണി എം. ഐപ്പ് സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും മെമ്പര്‍മാരായ വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
2020 മെയ് മാസത്തിലാണ് പരാതിക്കാരന്‍, എറണാകുളം പെന്റാ മേനകയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 11,000 രൂപയ്ക്ക് ‘എംഫോണ്‍ 7 പ്ലസ്’ എന്ന മോഡല്‍ മൊബൈല്‍ ഫോണ്‍ വാങ്ങി. സാങ്കേതിക പരിജ്ഞാനം കുറവായിരുന്ന പരാതിക്കാരന്‍, കടയുടമയുടെ ഉറപ്പിലും ശുപാര്‍ശയിലും വിശ്വസിച്ചാണ് ഫോണ്‍ വാങ്ങിയത് എന്ന് പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തെ വാറന്റിയാണ് ഫോണിനുണ്ടായിരുന്നത്.
വാങ്ങി അഞ്ച് മാസത്തിനകം ഫോണ്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് പരാതിക്കാരന്‍ ഫോണ്‍ വാങ്ങിയ സ്ഥാപനത്തെ സമീപിച്ചപ്പോള്‍, അംഗീകൃത സര്‍വീസ് സെന്ററായ മറൈന്‍ ഡ്രൈവിലെ സ്പീഡ് സര്‍വീസ് & റിപ്പയറിംഗ് എന്ന സ്ഥാപനത്തെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. 2020 ഡിസംബര്‍ മാസം ഫോണിന് നിര്‍മ്മാണ തകരാറുണ്ടെന്നും നന്നാക്കാന്‍ കഴിയില്ലെന്നും സര്‍വീസ് സെന്റര്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാറന്റി കാലയളവിനുള്ളില്‍ തകരാറിലായ ഉല്‍പ്പന്നത്തിന് പരിഹാരം നല്‍കുന്നതില്‍ എതിര്‍കക്ഷികള്‍ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. ഫോണിന് നിര്‍മ്മാണ തകരാറുണ്ടെന്ന് പരാതിക്കാരന്‍ വാദിച്ചെങ്കിലും, അത് തെളിയിക്കാന്‍ സാങ്കേതിക വിദഗ്ദ്ധന്റെ റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. എന്നിരുന്നാലും, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ (ബില്‍, സര്‍വീസ് റിപ്പോര്‍ട്ട്), സേവനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
എതിര്‍കക്ഷികളുടെ ഭാഗത്ത് നിന്ന് പരാതിക്കാരന് ഉണ്ടായ മാനസിക വ്യഥയ്ക്കും സാമ്പത്തിക നഷ്ടത്തിനും പകരമായി 10,000/ രൂപ നഷ്ടപരിഹാരവും കൂടാതെ, കോടതിച്ചെലവായി 5,000/ രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ. ജെ സൂര്യ കോടതിയില്‍ ഹാജരായി.